ലണ്ടന്‍: ലണ്ടനില്‍ ഷോപ്പിങ്ങിനിടെ നടന്‍ ജോജുവിന്റെയും സംഘത്തിന്റെയും പാസ്‌പോര്‍ട്ടുകളും പണവും കാറില്‍നിന്ന് കവര്‍ന്നു. ജോജു നായകനായ പുതിയ ചിത്രം 'ആന്റണി'യുടെ പ്രമോഷന്റെ ഭാഗമായാണ് ലണ്ടനില്‍ എത്തിയത്.
ജോജുവിന് പുറമെ 'ആന്റണി' സിനിമയുടെ നിര്‍മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്‌പോര്‍ട്ടുകളും നഷ്ടപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്നാണ് പാസ്‌പോര്‍ട്ടും പണവും നഷ്ടമായത്. കല്യാണി പ്രിയദര്‍ശനും ചെമ്പന്‍ വിനോദും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ജോജുവിന്റെ 2000 പൗണ്ടാണ് നഷ്ടമായത്. ഐന്‍സ്റ്റീന്റെ 9000 പൗണ്ടും ഷിജോയുടെ 4000 പൗണ്ടും ഉള്‍പ്പടെ ആകെ 15000 പൗണ്ടാണ് (ഏകദേശം 15 ലക്ഷം രൂപ) നഷ്ടമായത്. ലണ്ടനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ്ങിനെത്തിയപ്പോഴാണ് സംഭവം. ജോജുവും സംഘവും സഞ്ചരിച്ച റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ കാറില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെടലിലൂടെ ജോജുവിന് പിന്നീട് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചു.
ഷോപ്പിങ് മാളിന് സമീപത്തെ പേ ആന്‍ഡ് പാര്‍ക്കിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കുറച്ച് സാധനങ്ങള്‍ വാങ്ങിയശേഷം ജോജു ജോര്‍ജും കല്യാണി പ്രിയദര്‍ശനും പാസ്‌പോര്‍ട്ടും പണവും അടങ്ങിയ ബാഗ് കാറില്‍വെച്ചിരുന്നു. വീണ്ടും ഷോപ്പിങ്ങിന് പോയി തിരികെ എത്തിയപ്പോഴാണ് പണവും പാസ്‌പോര്‍ട്ടും നഷ്ടമായ വിവരം അറിഞ്ഞത്. ഷോപ്പിങ്ങിനിടെ വാങ്ങിയ സാധനങ്ങള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയും നഷ്ടമായി.
അത്യാഡംബര ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ലണ്ടനിലെ ബിസ്റ്റര്‍ വില്ലേജ്. 'ആന്റണി' ചിത്രത്തിന്റെ പ്രമോഷനും റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന വള്ളംകളിയിലും പങ്കെടുക്കാനാണ് താരങ്ങള്‍ ലണ്ടനില്‍ എത്തിയത്. ജോജു, കല്യാണി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ചെമ്പന്‍ വിനോദ് സെപ്റ്റംബര്‍ അഞ്ചിനാണ് നാട്ടിലേക്ക് പോകുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ്, വിജയരാഘവന്‍ എന്നിവരാണ് ആന്റണിയിലും മുഖ്യവേഷങ്ങളിലെത്തുന്നത്.
ലണ്ടനില്‍ പോക്കറ്റടിയും മോഷണ വാര്‍ത്തയും നിത്യസംഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു മലയാളി താരം മോഷണത്തിന് ഇരയായിയെന്ന വാര്‍ത്ത വരുന്നത് ആദ്യമായാണ്. ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളില്‍ പഴ്സുകളും ഫോണുകളും ബാഗുകളും മോഷണം പോകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളായി കൂടി വരുന്നതായിട്ടാണ് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.