കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഒരു രോഗിയുടെ തലച്ചോറില്‍ നിന്ന് ജീവനുള്ള വിരയെ കണ്ടെത്തിയ അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ദ ഗാര്‍ഡിയന്‍ എന്ന അന്താരാഷ്ട്ര മാധ്യമം. കാന്‍ബറയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ എട്ടു സെന്റിമീറ്റര്‍ നീളമുള്ള വിരയെയാണ് 64 കാരിയായ സ്ത്രീയുടെ തലച്ചോറില്‍ നിന്ന് കണ്ടെത്തിയത്. പെരുമ്പാമ്പില്‍ കാണപ്പെടുന്ന വിരയെയാണ് ഓസ്ട്രേലിയന്‍ സ്വദേശനിയുടെ മസ്തിഷ്‌കത്തില്‍ കണ്ടെത്തിയത്. ഇത്തരമൊരു വിരയെ മെഡിക്കല്‍ സയന്‍സില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
.
തെക്ക്-കിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള സ്ത്രീക്ക് മൂന്നാഴ്ച തുടര്‍ച്ചയായി വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2021 ജനുവരിയിലാണ് ഇവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, തുടര്‍ന്ന് നിരന്തരമായ വരണ്ട ചുമ, പനി, രാത്രി വിയര്‍പ്പ് എന്നിവ അനുഭവപ്പെടാന്‍ തുടങ്ങി.
സ്ത്രീയുടെ തലച്ചോറില്‍ നിന്ന് പുറത്തെടുത്ത വിര
2022-ല്‍ സ്ത്രീക്ക് മറവിയും വിഷാദ രോഗവും അനുഭപ്പെട്ടു തുടങ്ങി. ഇതോടെ പ്രശസ്തമായ കാന്‍ബറ ആശുപത്രിയിലേക്ക് പ്രാദേശിക ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തു. അവിടെ ഇവരുടെ തലയ്ക്ക് എം.ആര്‍.ഐ സ്‌കാന്‍ നടത്തിയപ്പോള്‍ ചില അസാധാരണതകള്‍ കണ്ടെത്തി. ഉടന്‍ തന്നെ രോഗിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന ആ കാഴ്ച്ച ആശുപത്രി അധികൃതര്‍ കണ്ടെത്തിയത്. തലച്ചോറിനകത്ത് ജീവനോടെ പുളയുന്ന ഒരു വിര...
കാന്‍ബറ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ. സഞ്ജയ സേനാനായകിന്റെയും ന്യൂറോ സര്‍ജനായ ഡോ. ഹരി പ്രിയ ബാന്‍ഡിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തി വിരയെ പുറത്തെടുത്തത്.
ആദ്യം ശസ്ത്രക്രിയ നടത്തിയ ഡോ. ഹരി പ്രിയ ബാന്‍ഡി ന്യൂറോസര്‍ജനായ ഡോ. സഞ്ജയ സേനാനായകിനെ ഫോണില്‍ വിളിച്ചു: 'ദൈവമേ, ഈ സ്ത്രീയുടെ തലച്ചോറില്‍ ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ നിങ്ങള്‍ വിശ്വസിക്കില്ല - ഒരു ജീവി ഇവരുടെ തലയ്ക്കകത്തുണ്ട്. ഒപ്പം ഇത് അനങ്ങുകയും പുളയുകയും ചെയ്യുന്നു.'
പെരുമ്പാമ്പുകളില്‍ കാണപ്പെടുന്ന വട്ടപ്പുഴു മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. ദി ഗാര്‍ഡിയന്‍ പറയുന്നതനുസരിച്ച്, കാര്‍പ്പറ്റ് പൈത്തണ്‍ വിഭാഗത്തില്‍പ്പെടുന്ന പാമ്പാണ് ഈ വിരയെ വഹിക്കുന്നത്. ഈ ഇനത്തിലുള്ള പെരുമ്പാമ്പുകള്‍ വസിക്കുന്ന ഒരു പ്രദേശത്തിന് സമീപമാണ് സ്ത്രീ താമസിക്കുന്നത്. നേരിട്ട് പാമ്പുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെങ്കിലും പാചകത്തിനായി വീടിനു സമീപത്തെ തടാകത്തിന് ചുറ്റും നിന്ന് ശേഖരിച്ച നാടന്‍ പുല്ലുകളിലൂടെയാകാം വിര സ്ത്രീയുടെ ശരീരത്തില്‍ കടന്നതെന്നാണ് നിഗമനം. പെരുമ്പാമ്പിന്റെ വിസര്‍ജ്യത്തിലൂടെ പുല്ലില്‍ കടന്നുകൂടിയ വിര സപ്ര്‍ശനത്തിലൂടെയോ പാചകം ചെയ്യുന്നതിനിടയിലോ മനുഷ്യശരീരത്തിലെത്തിയെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ അനുമാനിക്കുന്നത്.
പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ലാത്ത സ്ത്രീ വിദഗ്ധരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് കാന്‍ബറ ഹോസ്പിറ്റലിലെ മീഡിയാ വിഭാഗം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. വിരയുടെ ലാർവകൾ വയോധികയുടെ ശരീരത്തിലെ ശ്വാസകോശങ്ങളും കരളും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളെ ബാധിച്ചതായും സംശയിക്കുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകളുടെയും പരാന്നഭോജികളുടെയും വ്യാപനം കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉയർന്നുവന്നേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.