ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി; അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രചരിച്ച വാര്‍ത്ത തെറ്റിദ്ധാരണാജനകം:സീറോ മലബാര്‍ സഭ

ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി; അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രചരിച്ച വാര്‍ത്ത തെറ്റിദ്ധാരണാജനകം:സീറോ മലബാര്‍ സഭ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളിലെ ധാരണകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് സീറോ മലബാര്‍ സഭ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെയുള്ള പ്രശ്‌ന പരിഹാര ശ്രമങ്ങളെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നല്‍കുന്ന ഇത്തരം വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി സിനഡ് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ മെത്രാന്മാരുടെ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്.

കൂടാതെ ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാര്‍ച്ച് 25 ലെ കത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ഉദ്ബോധനം അനുസരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ തയ്യാറാകണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നതാണ്.

എറണാകുളം-അങ്കമാലി അതിരൂപത നിലവില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലായതിനാലും പ്രശ്‌ന പരിഹാരത്തിനായി മാര്‍പാപ്പ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നതിനാലും മാര്‍പാപ്പയുടെ സമ്മതത്തോടെ മാത്രമേ പ്രശ്‌ന പരിഹാരത്തിനുള്ള ഏതു നിര്‍ദേശവും നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകള്‍ അട്ടിമറിക്കുന്നെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണാജനകമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നവര്‍ അതില്‍ നിന്നും പിന്മാറേണ്ടതാണെന്നും വിശ്വാസികളും പൊതുസമൂഹവും ഇപ്രകാരമുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണമെന്നും പ്രസ്താവനയിലൂടെ സഭ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.