ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തില്‍ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ കൊണ്ടുവരാന്‍ നീക്കമെന്ന് സൂചന.
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നിയമ നിര്‍മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്.
പ്രതിപക്ഷവുമായി ആലോചിക്കാതെ തീരുമാനിച്ച സമ്മേളനത്തിന്റെ അജന്‍ഡ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ സഭയില്‍ വരാന്‍ ഇടയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോള്‍ അഞ്ചോളം അനുച്ഛേദങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകള്‍ പിരിച്ചുവിടല്‍, ലോക്‌സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടി വരിക.
ബിജെപി ഏറെക്കാലമായി മുന്നോട്ടു വെക്കുന്ന ആശയമാണ് ലോക്സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്നത്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷത്തു നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതു ഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകള്‍ തിരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് പാനല്‍ നേരത്തെ പരിശോധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.