ജോസ് വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: യുദ്ധം മൂലം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ഉക്രെയ്ൻ ജനതക്കായി ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പുതിയ ജീവകാരുണ്യ സംരംഭം. ജീവകാരുണ്യ ശുശ്രൂഷകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദിനാൾ കോൺറാഡ് ക്രാജെവ്സ്കിയാണ് ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വത്തിക്കാൻ ന്യൂസുമായി പങ്കുവച്ചത്. ശീതീകരിച്ച സൂപ്പിന്റെ, മൂന്ന് ലക്ഷം പായ്ക്കറ്റുകളാണ് ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഒരു ദക്ഷിണ കൊറിയൻ കമ്പനി, ഉക്രെയ്നു വേണ്ടി റോമിലേക്ക് അയച്ചു നൽകിയതെന്ന് കർദിനാൾ പറഞ്ഞു.
റോമിൽ എത്തിച്ചേർന്ന ഭക്ഷ്യവസ്തുക്കളുടെ ഈ പായ്ക്കുകൾ, അവിടെയുള്ള സാന്താ സോഫിയാ ഗ്രീക്ക് കത്തോലിക്കാ ഇടവകയുടെ സംഭരണശാലയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. അവിടെ നിന്നും ഏതാനും ദിവസങ്ങൾക്കകം കരമാർഗ്ഗം ഉക്രെയ്നിലെ കൂടുതൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ വേണ്ടി ട്രക്കുകളിൽ എത്തിക്കും. വളരെ പോഷകഗുണമുള്ളതും ചൂടുവെള്ളം ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഈ ഭക്ഷ്യവിഭവം.
റോമിലുള്ള, മാർപാപ്പയുടെ ഡോർമിറ്ററിയിൽ അഭയം പ്രാപിച്ചിരിക്കുന്ന മുപ്പതോളം അന്തേവാസികളാണ് ഭക്ഷ്യവസ്തുക്കളുടെ അവിടത്തെ ചരക്കു നീക്കത്തിനു പിന്നിൽ കഠിനാധ്വാനം ചെയ്തത്. യുദ്ധം തുടങ്ങിയ ശേഷം ഇത് 106-ാം തവണയാണ്, വത്തിക്കാന്റെ ഭാഗത്തു നിന്നും മനുഷ്യത്വപരമായ സഹായം ഉക്രെയ്നിലേക്ക് എത്തിക്കുന്നത്. ഇത്തവണ നൂറിലധികം ട്രക്കുകളാണ് സഹായസാധനങ്ങളുമായി ഉക്രെയ്നിലേക്ക് തിരിക്കുന്നത്. ആദ്യ രണ്ടു ട്രക്കുകൾ ഇതിനകം പുറപ്പെട്ടുകഴിഞ്ഞു.
സഹായദൗത്യത്തിൽ പങ്കു ചേർന്ന മാർപാപ്പയുടെ ഡോർമിറ്ററിയിലെ അന്തേവാസികൾക്ക് കർദിനാൾ ക്രാജെവ്സ്കി നന്ദി പറഞ്ഞു. നീണ്ട മണിക്കൂറുകൾ യാതൊരു മടിയും കൂടാതെ, സന്തോഷത്തോടെയാണ് അവർ ഇക്കാര്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തത്. കാരണം, ഈ സഹായവസ്തുക്കളുടെ അവസാന ലക്ഷ്യസ്ഥാനം അവർക്ക് നന്നായി അറിയാം. യുദ്ധക്കെടുതികൾ മൂലം വലയുന്ന ഉക്രെയ്ൻ ജനതയോടുള്ള ഐക്യദാർഢ്യമാണ് തങ്ങളുടെ സന്നദ്ധ സേവനത്തിലൂടെ അവർ പ്രകടിപ്പിച്ചത് - അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശുദ്ധ പിതാവിന്റെ ഇടപെടൽ മൂലമുള്ള മനുഷ്യത്വപരമായ ഈ സഹായ നടപടികൾ, ഉക്രെയ്ൻ ജനതയോടുള്ള ഐക്യദാർഢ്യത്തോടൊപ്പം സമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരു ചുവടുവയ്പ്പു കൂടിയാണ്. തങ്ങളുടെ സഹനത്തിൽ ഒറ്റയ്ക്കല്ലെന്നുള്ള ബോധ്യം അവർക്കു നൽകുകയെന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. അത് അവരെ ആഴത്തിൽ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല - കർദിനാൾ അഭിപ്രായപ്പെട്ടു.
വരും ആഴ്ചകളിൽ മറ്റു വിധത്തിലുള്ള സഹായ പദ്ധതികളും ആസൂത്രണം ചെയ്യുന്നതായി കർദിനാൾ ക്രാജെവ്സ്കി പറഞ്ഞു. അതിനായി താൻ ഉടനെ ഉക്രെയ്ൻ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിധവകൾക്കും അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായുള്ള താമസ സൗകര്യങ്ങളൊരുക്കുക എന്നതാണ് അവയിൽ പ്രധാനപ്പെട്ടത്. യുദ്ധമേഖലയായ ല്‌വിവിൽ തന്നെ ഇപ്രകാരമുള്ള ഒരു വലിയ ഭവനം പരിശുദ്ധ പിതാവ് മുൻകൈയെടുത്ത് മറ്റ് ഏജൻസികളുമായി ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്.
സഹായ വസ്തുക്കളെക്കാളുപരി, സാന്നിധ്യത്തിലൂടെയുള്ള സഹകരണമാണ് ഉക്രെയ്ൻ ജനത ആഗ്രഹിക്കുന്നത്. കഴിഞ്ഞവർഷം ശൈത്യകാലത്ത് യുദ്ധമേഖലയിൽ ചെലവഴിച്ച ദിനങ്ങളെ ഭയത്തോടെയാണ് താൻ ഓർക്കുന്നതെങ്കിലും വളരെയേറെ കാര്യങ്ങൾ ആ നാളുകളിൽ ചെയ്യാൻ സാധിച്ചെന്ന് കർദിനാൾ പറഞ്ഞു. ഈ വർഷവും ആവശ്യമായ സഹായങ്ങൾ ചെയ്യാൻ പരിശുദ്ധാത്മാവ് പ്രചോദനമേകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.