വത്തിക്കാന്‍ സിറ്റി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ മംഗോളിയയിലെത്തി. ചൈനയ്ക്കു മുകളിലൂടെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ 9.5 മണിക്കൂര്‍ യാത്ര ചെയ്താണ് 1450 കത്തോലിക്കര്‍ മാത്രമുള്ള ബുദ്ധമത രാജ്യമായ മംഗോളിയയില്‍ മാര്‍പാപ്പ എത്തിയത്. മംഗോളിയയിലെ ഉലാന്‍ബാതറിലെ ചിങ്കിസ് ഖാന്‍ എയര്‍പോര്‍ട്ടില്‍ പ്രാദേശിക സമയം രാവിലെ 9:52 നാണ് പാപ്പ വിമാനമിറങ്ങിയത്.
മംഗോളിയയിലെത്തുന്ന ആദ്യത്തെ മാര്‍പ്പാപ്പ എന്ന നിലയില്‍ ചരിത്രപരമായ പ്രാധാന്യവും പാപ്പായുടെ ഈ അപ്പസ്‌തോലിക സന്ദര്‍ശനത്തിനുണ്ട്. 'ഒരുമിച്ചുള്ള കാത്തിരിപ്പ്' എന്ന പ്രമേയമാണ് സെപ്റ്റംബര്‍ നാല് വരെ നീണ്ടുനില്‍ക്കുന്ന ഈ സന്ദര്‍ശനത്തിന്റെ പ്രമേയം.
'മംഗോളിയയിലേക്കു പോകുന്നത് ഒരു വലിയ ഭൂമിയിലെ ഒരു ചെറിയ പട്ടണത്തിലേക്കു പോകുന്നത് പോലെയാണ്. മഹത്തായ സംസ്‌കാരമുള്ള ഒരു ചെറിയ പട്ടണം.' എന്നാണ് യാത്രയ്ക്കിടെ നടത്തിയ പത്രസമ്മേളനത്തില്‍ പരിശുദ്ധ പിതാവ് തന്റെ അപ്പസ്‌തോലിക യാത്രയെ വിശേഷിപ്പിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങിയ മാര്‍പാപ്പയെ മംഗോളിയയുടെ വിദേശകാര്യ മന്ത്രി ബാറ്റ്‌സെറ്റ്‌സെഗ് ബാറ്റ്മുന്‍ഖും പ്രത്യേക സംഘവും സ്വീകരിച്ചു.
സ്വീകരണത്തിന്റെ ഭാഗമായി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ ഒരു മംഗോളിയന്‍ യുവതി പരിശുദ്ധ പിതാവിന് രാജ്യത്തിന്റെ തനതായ വിഭവം നല്‍കി. പാലില്‍ നിന്ന് നിര്‍മിച്ച, 'ആറുല്‍' എന്നു വിളിക്കപ്പെടുന്ന വേവിച്ച യോഗര്‍ട്ടാണ് പാപ്പയ്ക്ക് നല്‍കിയത്. മാര്‍പ്പാപ്പ അതു രുചിച്ചു നോക്കുകയും ചെയ്തു.
മാര്‍പാപ്പയെ സ്വീകരിക്കാന്‍, മോണ്‍സിഞ്ഞോര്‍ ഫെര്‍ണാണ്ടോ ഡുവാര്‍ട്ടെ ബറോസ് റെയ്സും മംഗോളിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷിയേച്ചറിലെ ചാര്‍ജ്ജ് ഡി അഫയേഴ്സും വത്തിക്കാനിലേക്കുള്ള മംഗോളിയ അംബാസഡറുമായ ദവാസുരന്‍ ജെറെല്‍മയും വിമാനത്താവളത്തിലെത്തിയിരുന്നു. ചരിത്രത്തിലെ യോദ്ധാക്കളെ ഓര്‍മ്മിപ്പിക്കുന്ന ചുവപ്പ്, നീല, മഞ്ഞ യൂണിഫോം അണിഞ്ഞ, മംഗോളിയന്‍ സായുധ സേനയിലെ അംഗങ്ങള്‍ മാര്‍പാപ്പയ്ക്ക് വരവേല്‍പ്പ് നല്‍കി.
'നിശബ്ദതയുടെ നാട്' എന്നാണ് യാത്രയ്ക്കിടെ പാപ്പ മംഗോളിയയെ വിശേഷിപ്പിച്ചത്. ശനിയാഴ്ച രാവിലെ മുതലാണ് പരിശുദ്ധ പിതാവിന്റെ ഔദ്യോഗിക യോഗങ്ങളും പരിപാടികളും ആരംഭിക്കുന്നത്.
3.2 ദശലക്ഷം ജനസംഖ്യയുള്ള മംഗോളിയയില്‍ വളരെ കുറച്ചു മാത്രമേ കത്തോലിക്കരുള്ളൂ. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് എട്ട് ഇടവകകളിലായി ഏതാണ്ട് 1500 കത്തോലിക്കരാണുള്ളത്. അന്‍പത്തിമൂന്ന് ശതമാനത്തോളം വരുന്ന ബുദ്ധമതമാണ് രാജ്യത്തെ ഭൂരിപക്ഷമതം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.