'സീറോ മലബാർ സിറിയൻ കാത്തലിക്' : പേരിന്റെ ആവശ്യകതയും ആശങ്കകളും

'സീറോ മലബാർ സിറിയൻ കാത്തലിക്' : പേരിന്റെ ആവശ്യകതയും ആശങ്കകളും

കൊച്ചി: ഈ കഴിഞ്ഞ ജൂലൈ 8ന് കേരള സർക്കാരിൻറെ പൊതു ഭരണ വകുപ്പ് പുറപ്പെടുവിച്ച ഗസറ്റഡ് വിജ്ഞാനപ്രകാരം സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ 163 മത്തെ നമ്പർ ആയി അതുവരെ ഉണ്ടായിരുന്ന 'സിറിയൻ കാത്തലിക് (സീറോ മലബാർ കാത്തലിക്)' എന്ന പേര് മാറ്റി പകരം 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്നാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലവിലുള്ള സീറോ മലബാർ കത്തോലിക്ക വിശ്വാസികൾക്ക് തങ്ങളുടെ സഭാ-സമുദായ വ്യക്തിത്ത്വത്തെകുറച്ചു കൂടി വ്യക്തത വരുത്തുന്നുണ്ട് എങ്കിലും പ്രായോഗിക തലത്തിൽ ചില ആശയക്കുഴപ്പങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ട്.

നിലവിലെ സ്ഥിതി

പരമ്പരാഗതമായി സീറോ മലബാർ ക്രിസ്ത്യാനികൾ തങ്ങളുടെ സ്കൂൾ സർട്ടിഫിക്കറ്റുകളിലും മറ്റും തങ്ങളുടെ ജാതി ( Caste) വ്യത്യസ്ത പേരുകളിൽ ആയിട്ടാണ് രേഖപ്പെടുത്തി പോകുന്നത്. റോമൻ കാത്തലിക്(RC) , റോമൻ കാത്തലിക് സിറിയൻ( RCS) , റോമൻ കാത്തലിക് സിറിയൻ കാത്തലിക് (RCSC), സിറിയൻ കാത്തലിക്, ക്രിസ്ത്യൻ റോമൻ കാത്തലിക്, ക്രിസ്ത്യൻ RC, ക്രിസ്ത്യൻ RCSC, സീറോ മലബാർ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് അവർ ഇത്തരത്തിൽ ഉപയോഗിക്കുന്നത് . ഈ വ്യത്യസ്തത മൂലം സീറോ മലബാർ കത്തോലിക്കാ സഭ വിശ്വാസികളുടെ ഇടയിൽ തന്നെ ചില വിഭാഗീയതയും കടന്നു കൂടിയിട്ടുണ്ട്. ഒപ്പം സ്കൂളുകളിലേയും പൊതു പരീക്ഷകളുടെയും അപേക്ഷകളിലും മറ്റും ഈ ഐക്യമില്ലായ്മ പല പ്രശ്നങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മേൽപ്പറഞ്ഞ പേരുകൾ എല്ലാം ചേർന്ന് ഒരു പൊതു സമുദായ നാമം ആവശ്യമായി വന്നത്. അത്തരമൊരു ആവശ്യത്തെ മുൻ നിറുത്തിയാണ് 2021 ജൂൺ 3ലെ കേരള സർക്കാർ പുറപ്പെടുവിച്ച സംവരണേതര വിഭാഗങ്ങളുടെ അഥവാ മുന്നോക്ക വിഭാഗങ്ങളുടെ (ആ പ്രയോഗത്തിന് ഇപ്പോൾ പ്രസക്തിയില്ല) 164 അംഗ പട്ടികയിൽ 163മത്തെ പേരായി സീറോ മലബാർ സഭാഗങ്ങളുടെ പേര് സിറിയൻ കാത്തലിക് (സീറോ മലബാർ കാത്തലിക്) എന്ന് പ്രസിദ്ധീകരിച്ചിരുന്നത് . ആ പേരാണ് രണ്ടു വർഷങ്ങൾക്കിപ്പറം വീണ്ടും മാറി 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്ന് പുതുക്കിയ പട്ടികയിൽ ചേർത്തിട്ടുണ്ട്.

പഴയ 'RC' ആയാൽ എന്താണ് കുഴപ്പം?

സീറോ മലബാർ ക്രിസ്ത്യൻസിൽ ഒരു നല്ല വിഭാഗവും പരമ്പരാഗതമായി ഉപയോഗിച്ച് പോയിരുന്നത് റോമൻ കാത്തലിക് എന്നോ അതിൻറെ തന്നെ 'ഷോർട്ട് ഫോം' ആയ 'RC' എന്നോ ആണ്. എന്നാൽ ഇത് വളരെ വിശാലമായ അർത്ഥത്തിൽ ഉപയോഗിക്കാവുന്ന ഒരു 'തലക്കെട്ട്' ( Tittle Name). കാരണം റോമിന്റെ, മാർപാപ്പയുടെ കീഴിൽ വരുന്ന കത്തോലിക്കരെ മുഴുവനായിട്ടും സൂചിപ്പിക്കാവുന്ന ഒരു പേരാണ് ഇത്. ആ അർത്ഥത്തിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർ, സീറോ മലബാർ കത്തോലിക്കർ, മലങ്കര കത്തോലിക്കർ എന്നിവർക്കെല്ലാം ഈ റോമൻ കാത്തലിക് (RC) എന്നുള്ള പ്രയോഗത്തിന് അർഹതയുണ്ട്. അതു കൊണ്ടു ഈ ഈ മൂന്നു വിഭാഗങ്ങളേയും തിരിച്ചറിയാൻ വ്യത്യസ്തമായ സമുദായ നാമങ്ങൾ ആവശ്യമായി വരുന്നു. അതു മാത്രമല്ല അതിൽ തന്നെയുള്ള ലത്തീൻ കത്തോലിക്കർ സംവരണ വിഭാഗവും സീറോ മലബാർ , മലങ്കര സുറിയാനി ക്രിസ്ത്യാനികൾ സംവരണേതര വിഭാഗവും ആണ്. അതുകൊണ്ടുതന്നെ സഭാപരമായും സമുദായപരമായും ഒരു കൃത്യത സിറോമലബർ വിശ്വാസികൾക്ക് ആവശ്യമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിലവിൽ ലഭിച്ചിരിക്കുന്ന 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്നുള്ള പേര് ഈ സമൂഹത്തിനു ഉചിതമാണ്. 'RC ' എന്നുള്ള പ്രയോഗം അതിൽതന്നെ തെറ്റില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലത്തീൻ കത്തോലിക്കർ ' LC ' എന്നും സീറോ മലബാർ കത്തോലിക്കർ 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്നും മലങ്കര സുറിയാനി കത്തോലിക്കർ 'മലങ്കര കാത്തലിക്' എന്നും തന്നെ രേഖപ്പെടുത്തുന്നത് ആയിരിക്കും ഉചിതം.


എന്താണ് 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്ന പേരിന്റെ പ്രസക്തി?

ഈ പുതിയ പേരിന്റെ പ്രത്യേകത എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട് . ഈ പേരിലെ ആദ്യഭാഗത്തെ 'സീറോ മലബാർ' എന്നതിലെ 'സീറോ'(Syro) തന്നെയാണ് രണ്ടാമത്തെ ഭാഗത്തെ 'സിറിയൻ കാത്തലിക്' എന്നതിലെ 'സിറിയൻ' എന്നും അതിനാൽ ഈ പേരിലൊരു ആവർത്തനമുണ്ട് എന്നു കരുതുന്നവരും ഉണ്ട്. ആയതിനാൽ 'സീറോ മലബാർ കാത്തലിക്' എന്ന് മാത്രം പോരെ എന്നാണ് ഇത്തരക്കാരുടെ വാദം. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സീറോ മലബാർ കത്തോലിക്കരുടെ ഇടയിൽ തന്നെ ' 'ക്നാനായ കത്തോലിക്കർ', 'ദളിത് കത്തോലിക്കർ', 'നാടാർ കാത്തലിക് ' എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ട്. അവർക്കെല്ലാം അവരുടേതായ സമുദായ നാമവും ഉണ്ട്. അതിൽ തന്നെ സംവരണ വിഭാഗവും സംവരണേതര വിഭാഗവും കാണാം. അത്തരം സാഹചര്യത്തിൽ മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽ ഒന്നിലും പെടാത്ത സീറോമലബാർ സമുദായ വിശ്വാസിസമൂത്തിന് കുറച്ചുകൂടി കൃത്യതയും വ്യക്തയും വരുത്തുവാൻ 'സീറോ മലബാർ സിറിയൻ കാത്തലിക്' എന്നു തന്നെ ഉപയോഗിക്കേണ്ടി വരുന്നു.
മാത്രമല്ല ഈ പേര് സുറിയാനി പാരമ്പര്യം പേറുന്ന സീറോമലബാർ സഭയുടെ ഉത്ഭവത്തിന്റെയും (Origin) പാരമ്പര്യത്തിന്റെയും (Legacy) ആധികാരികത ഉറപ്പിച്ചുകൊണ്ടു സഭയുടെ തനതായ വ്യക്തിത്വം ( Idendity) കാത്തു സൂക്ഷിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ
'സീറോ മലബാർ' എന്നത് സഭയുടെ നാമമായും. എന്നാൽ 'സിറിയൻ കാത്തലിക്ക്' എന്നത് സമുദായ നാമമായും കാണാവുന്നതാണ്. ഇത് രണ്ടും കൂടി പറഞ്ഞാൽ മാത്രമേ ആ പേരിനു ഒരു പൂർണ്ണതയും വ്യക്തത വരുകയുള്ളൂ. കേരളത്തിൻറെ നിലവിലെ ചുറ്റുപാടിൽ സഭയും സമുദായവും ഒരു നാണയത്തിന്റെ ഇരു വശങ്ങളായിങ്ങളായി കണക്കാക്കാവുന്നതാണ്.
ചില പ്രായോഗിക പ്രശ്നങ്ങൾ
സിറോ മലബാർ വിശ്വാസികൾക്ക് നല്കപ്പെട്ടിരിക്കുന്ന
പുതിയ പേര് തിരിച്ചും അനുയോജ്യമാണ്. എങ്കിലും അതുമൂലം ഉണ്ടാകുന്ന ചില പ്രായോഗിക പ്രശ്നങ്ങൾക്ക് ആക്കം കൂട്ടാൻ ഇത് ഇടവരുന്നു.
അതായത് നിലവിൽ വ്യത്യസ്ത പേരുകൾ ഉപയോഗിച്ചിരുന്ന സീറോമലബാർ വിശാസികൾ 2021 ജൂണ് 3 ലെ ഉത്തരവ് പ്രകാരം പുതിയ പേരായ സിറിയൻ കാത്തലിക് (സീറോ മലബാർ കാത്തലിക്) എന്നു ഉപയോഗിക്കാൻ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും നൽകപ്പെട്ട ഈ പുതിയ പേര് കുട്ടികളുടെ SSLC പോലുള്ള സർട്ടിഫിക്കറ്റുകളിൽ വീണ്ടും മാറ്റേണ്ടി വരുമോ എന്നുള്ള ആശങ്കയ്ക്ക് ഇട നൽകുന്നു.
മാത്രമല്ല, സിറോമലബർ ക്രിസ്ത്യാനികൾ
നിലവിൽ വ്യത്യസ്ത പേരുകളാണ് ഉപയോഗിക്കുന്നത്. ആ പേരുകൾ രേഖപ്പെടുത്തിയ സർടിഫിക്കറ്റുകൾ പുതിയ പേരിലേക്ക് മാറ്റിയെടുക്കണോ എന്നുള്ള സംശയവും ചിലരിൽ ഉണ്ട്.
ഇതിനു പുറമേ, പുതിയതായിട്ട് ഇറക്കിയ സംവരണേതര വിഭാഗത്തിന്റെ പട്ടികയിൽ സീറോമലബാർ ക്രിസ്‌ത്യാനികൾ നിലവിൽ ഉപയോഗിച്ചു കൊണ്ടിരുന്ന പേരുകൾ ഇല്ലാത്തതു മൂലം ഈ .ഡബ്ലിയു .എസ്. പോലുള്ള സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുവാൻ പലർക്കും കഴിയാതെ വരുന്നു എന്നുള്ള ഒരു പ്രശനവും ഉണ്ട്. . മാത്രമല്ല സീറോ മലബാർ ക്രിസ്ത്യൻസ് ഉപയോഗിച്ചിരുന്ന പഴയ പേരുകൾ അതിൻറെ പുതിയ നാമമായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'സീറോ മലബാർ സിറിയൻ കാത്തലിക് ' തന്നെയാണ് എന്നുള്ള വിവരം പല ഓഫീസർമാർക്കും അറിയില്ല എന്നുള്ളതാണ് സത്യം. അതായത് തന്റെ എസ്.എസ്.എൽ.സി ബുക്കിൽ റോമൻ കാത്തലിക് (RC) എന്ന് രേഖപ്പെടുത്തിയ ഒരു സീറോ മലബാർ വിദ്യാർത്ഥി ഈ. ഡബ്ലിയു. എസ് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസ് സമീപിക്കുമ്പോൾ EWS ന് അർഹമായ സംവരണ രഹിത വിഭാഗങ്ങളുടെ പട്ടികയിൽ ആ പേര് കാണുന്നില്ല എന്നുള്ള കാരണത്താൽ EWS സർട്ടിഫിക്കറ്റ് ആ വ്യക്തിക്ക് നിഷേധിക്കപ്പെടുന്നു.
എന്നാൽ ഈ പ്രശ്നത്തിനു സർക്കാർ നൽകിയ മറുപടി, മുന്നോക്ക വിഭാഗങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ ഈ ഡബ്ള്യു എസ്. സർഫിക്കേറ്റ് നൽകുകയുളൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് നിലവിൽ എസ് . സി, എസ് . ടി , ഓ .ബി .സി .എന്നീ സംവരണ വിഭാഗത്തിൽ പെടാത്ത ഏതൊരാളും EWS നു അർഹതയുണ്ട് എന്നാണ് . എന്നാൽ ഓഫീസർമാരുടെ അറിവില്ലായ്മയും സംശയവും കടുംപിടുത്തവും മൂലം പലപ്പോഴും EWS പോലുള്ള അനുകൂല്യങ്ങൾ സമുദായത്തിന്റെ പേരിലുള്ള ചില വ്യത്യാസം മൂലം അർഹത പെട്ടവർക്ക് നഷ്ടപ്പെടുന്നു എന്നുള്ളതാണ് സത്യം. അങ്ങനെ വന്നാൽ അത്തരം പരാതികൾ മുന്നോക്ക വിഭാഗ കമ്മീഷന് മുന്നിൽ സമർപ്പിക്കാം എന്നുണ്ടെങ്കിലും പലരും അതിനു തുനിയാറില്ല എന്നുള്ളതാണ് വാസ്തവം.

ഇത്തരമൊരു സാഹചര്യത്തിൽ സീറോമലബാർ ക്രിസ്‌ത്യാനികൾ മുൻപ് ഉപയോഗിച്ചുകൊണ്ടിരുന്ന വ്യത്യസ്ത പേരുകളും നിലവിൽ പുതിയതായി നൽകപ്പെട്ട 'സിറോമലബർ സിറിയൻ കാത്തലിക്ക്' എന്ന നാമവും ഒന്നാണ് എന്ന ഒരു വിജ്ഞാപനം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കിൽ ഈ പ്രശങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആവും എന്നു വേണം അനുമാനിക്കാൻ.
തലതിരിഞ്ഞ ചിന്ത
"അച്ചോ....
'റോമൻ കാത്തലിക്' എന്നു പറയുമ്പോൾ ആ പേരിനു ഒരു 'വെയ്റ്റ്' ഉണ്ടായിരുന്നു. 'സിറിയൻ കാത്തലിക്' എന്നു പറമ്പോൾ എന്തോ ഒരു കുറവുള്ള പോലെ..."
ഇങ്ങനെ പരിതപിക്കുന്നവരോട് എന്തു പറയാൻ...?
ഒരു 'വെയ്റ്റ്' ഉണ്ടാകട്ടെ എന്ന് കരുതി ഇമ്മടെ അപ്പന്റെ പേരോ , ഇമ്മടെ വീട്ടുപേരോ ഇമ്മള് മാറ്റി ഉപയോഗിക്കാറില്ലല്ലോ...?? അത്രെ തന്നെ....!!!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26