ക്രിസ്തീയ വിശ്വാസം സ്നേഹത്തിനു വേണ്ടിയുളള മനുഷ്യന്റെ ദാഹത്തിനുള്ള ഉത്തരം: മംഗോളിയയിൽ ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പയുടെ സന്ദേശം

ക്രിസ്തീയ വിശ്വാസം സ്നേഹത്തിനു വേണ്ടിയുളള മനുഷ്യന്റെ ദാഹത്തിനുള്ള ഉത്തരം: മംഗോളിയയിൽ ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പയുടെ സന്ദേശം

ജോസ് വിൻ കാട്ടൂർ

ഉലാൻബതാർ: എല്ലാ മനുഷ്യർക്കും ആന്തരികമായ ഒരു ദാഹം ഉണ്ടെന്നും സ്നേഹത്തിനു മാത്രമാണ് അതു ശമിപ്പിക്കാൻ സാധിക്കുകയെന്നും ഫ്രാൻസിസ് പാപ്പ. ചരിത്രവും സംസ്കാരവും കൊണ്ട് സമ്പന്നമായ ഒരു മഹത്തായ രാജ്യമാണ് മംഗോളിയ. എങ്കിലും, മരുഭൂമിയും പുൽമേടുകളും നിറഞ്ഞ അതിന്റെ ഭൂപ്രദേശം നേരിടുന്ന വരൾച്ചയെ, സന്തോഷത്തിനും സ്നേഹത്തിനും വേണ്ടിയുള്ള മനുഷ്യ ഹൃദയത്തിന്റെ ദാഹത്തോട് ഉപമിക്കാം. ഈ ദാഹം, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ശമിപ്പിക്കാൻ സാധിക്കുന്നത്. ഞായറാഴ്ച മംഗോളിയയിലെ ഉലാൻബതാറിൽ വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിൽ പാപ്പ പറഞ്ഞു.

ആത്മീയ ദാഹം ശമിപ്പിക്കാൻ ക്രിസ്തുവിനു മാത്രമേ കഴിയൂ

'എന്റെ ആത്‌മാവ്‌ അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.'(സങ്കീര്‍ത്തനങ്ങള്‍ 63 : 1) - കുർബാനയിൽ വായിച്ച ഈ സങ്കീർത്തന ഭാഗം ഉദ്ധരിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം ആരംഭിച്ചത്. പരമ്പരാഗത നാടോടി സംസ്കാരമുള്ള മംഗോളിയ പോലൊരു രാജ്യത്ത്, സങ്കീർത്തകന്റെ ഈ വാക്കുകൾക്ക് പ്രത്യേക പ്രസക്തിയുണ്ടെന്ന് പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ മുമ്പിൽ നാം എല്ലാവരും നാടോടികളാണ്; സന്തോഷം തേടുന്ന തീർത്ഥാടകരും സ്നേഹം തേടുന്ന വഴിയാത്രക്കാരും - പാപ്പാ കൂട്ടിച്ചേർത്തു.മനുഷ്യരാശിയുടെ ഈ ആന്തരിക ദാഹത്തിനുള്ള ഉത്തരമാണ് ക്രിസ്തീയ വിശ്വാസം.ജീവിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിനായി നമ്മുടെ ഹൃദയങ്ങൾ തുറക്കേണ്ടത്, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ്. അതിലൂടെ, നമ്മെ കണ്ടുമുട്ടാനായി, അവിടുന്ന് നമ്മുടെ അടുത്തു വരുന്നു. അങ്ങനെ നാം അവിടുത്തെ മക്കളും പരസ്പരം സഹോദരീസഹോദരന്മാരും ആയിത്തീരുന്നു.

സ്നേഹം തന്നെയായ ദൈവം തന്റെ പുത്രനിലൂടെ നമ്മുടെ അരികിലണഞ്ഞ് നമ്മുടെ ജീവിതത്തിലും ജോലിയിലും സ്വപ്നങ്ങളിലും സന്തോഷത്തിനായുള്ള നമ്മുടെ ദാഹത്തിലും പങ്കുചേരാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ ചില സമയങ്ങളിൽ നാം നേരിടേണ്ടിവരുന്ന ഏകാന്തത, തളർച്ച, ശൂന്യത തുടങ്ങിയ മരുഭൂമി അനുഭവങ്ങളിൽ 'മഞ്ഞുകണം പോലുള്ള തൻ്റെ വചനത്താൽ ഉന്മേഷമേകി, യേശുവാകുന്ന പാതയിലൂടെ അവിടുന്ന് നമ്മെ നയിക്കുന്നു. വചന പ്രഘോഷകരിലൂടെ നമുക്ക് ആശ്വാസവും അവരിൽ നിറയുന്ന പരിശുദ്ധാത്മാവിലൂടെ ദാഹജലവും പകർന്നു തരുന്നു.' വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.

പരിശുദ്ധ പിതാവ് തുടർന്നു: നാം വ്യതിചലിച്ചുപോയാലും തന്റെ വചനത്തിലൂടെ ദൈവം നമ്മെ വിശ്വാസത്തിലേക്ക് മടക്കി കൊണ്ടുവരും. അവിടുത്തെ സ്നേഹത്തിന്റെ ആഴം അനുഭവിച്ചറിയാനും, പ്രത്യുത്തരമായി, നമ്മുടെ ജീവിതം നിറഞ്ഞ സ്നേഹത്തോടെ, കാഴ്ചയായി തിരുമുമ്പിൽ അർപ്പിക്കാനും അവിടുന്ന് നമ്മെ പ്രാപ്തരാക്കുന്നു. കാരണം, സ്നേഹത്തിനു മാത്രമേ നമ്മുടെ ആത്മാവിന്റെ ദാഹം ശമിപ്പിക്കാൻ സാധിക്കൂ.

ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ

തുടർന്ന്, വായിച്ചു കേട്ട സുവിശേഷ ഭാഗത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. പീഡാനുഭവത്തിൽ നിന്നും കുരിശിൽ നിന്നും യേശുവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പത്രോസിനെയാണ് നാം സുവിശേഷത്തിൽ കണ്ടുമുട്ടുന്നത്. പത്രോസ് ഉയർത്തിക്കാട്ടുന്ന ലൗകികത നമ്മെ എങ്ങുമെത്തിക്കില്ലെന്നു മാത്രമല്ല അത് നമ്മെ കൂടുതൽ ദാഹാർത്തരായി മാറ്റുകയും ചെയ്യും. എന്നാൽ യേശുവിനെ മാതൃകയാക്കി, സ്വയം പരിത്യജിച്ച്, കുരിശു വഹിച്ചെങ്കിൽ മാത്രമേ, നമ്മുടെ ആന്തരികദാഹം ശമിപ്പിക്കാൻ നമുക്കു സാധിക്കൂ.

നാം എല്ലാവരും ഈ സത്യം കണ്ടെത്തണമെന്നാണ് യേശു ആഗ്രഹിക്കുന്നത്. യഥാർത്ഥ സന്തോഷം അനുഭവിക്കാൻ പ്രശസ്തിയോ, പണമോ, അധികാരമോ ആവശ്യമില്ല. സ്നേഹത്തിനു മാത്രമേ നമ്മുടെ ദാഹം തീർക്കാനും മുറിവുകൾ ഉണക്കാനും ഹൃദയത്തിൽ ആനന്ദം പകരാനും സാധിക്കുകയുള്ളൂ. യേശു പത്രോസിനോട് പറഞ്ഞ വാക്കുകള്‍ നമുക്കെല്ലാവർക്കും ഹൃദയത്തിൽ സ്വീകരിക്കാം. കുരിശുകൾ സന്തോഷത്തോടെ വഹിച്ചു കൊണ്ട് അവന്റെ കാലടികളെ പിഞ്ചെല്ലാം. ലൗകീക ചിന്തകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാം - പാപ്പ ആഹ്വാനം ചെയ്തു.

നാം ഇങ്ങനെ ചെയ്താൽ, ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും കൃപയാൽ സ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നമുക്ക് സാധിക്കും. സുവിശേഷത്തെ പ്രതി നമ്മുടെ ജീവൻ നഷ്ടപ്പെടുത്തിയാൽത്തന്നെയും, നമ്മുടെ കർത്താവ് നിത്യതയിൽ, സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും പൂർണ്ണതയിൽ, നമുക്കത് സമൃദ്ധമായി തിരിച്ചു തരും - ഈ വാക്കുകളോടെ പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.