ടെക്‌സാസില്‍ 800-ലധികം നിയമങ്ങള്‍ പ്രാബല്യത്തില്‍; ലഹരി ഉപയോഗിച്ചുള്ള വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ കൊല്ലപ്പെട്ടാല്‍ മക്കളുടെ ചിലവ് ഡ്രൈവര്‍മാര്‍ ഏറ്റെടുക്കാന്‍ വ്യവസ്ഥ

ടെക്‌സാസില്‍ 800-ലധികം നിയമങ്ങള്‍ പ്രാബല്യത്തില്‍;  ലഹരി ഉപയോഗിച്ചുള്ള വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ കൊല്ലപ്പെട്ടാല്‍ മക്കളുടെ ചിലവ്  ഡ്രൈവര്‍മാര്‍ ഏറ്റെടുക്കാന്‍ വ്യവസ്ഥ

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്ത് എണ്ണൂറോളം പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഒപ്പുവച്ച ബില്‍ വെള്ളിയാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ഇതില്‍ വാഹനമോടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പുതിയ ഗതാഗത നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു:

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ വരുത്തുന്ന അപകടം മൂലം രക്ഷിതാക്കള്‍ കൊല്ലപ്പെട്ടാല്‍ അവരുടെ മക്കളുടെ പഠനം ഉള്‍പ്പെടെയുള്ള ചിലവുകള്‍ പ്രതികളായ ഡ്രൈവര്‍മാര്‍ ഏറ്റെടുക്കണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു. കുട്ടികള്‍ക്ക് 18 വയസ് തികയുന്നതുവരെ ഇരകളുടെ മക്കള്‍ക്ക് പ്രതികള്‍ ധനസഹായം നല്‍കണമെന്നാണ് ടെക്‌സാസിലെ പുതിയ നിയമം ആവശ്യപ്പെടുന്നത്. ബെന്റ്‌ലീസ് ലോ ഹൗസ് ബില്‍ 393 എന്നറിയപ്പെടുന്ന നിയമം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നു.

പുതിയ നിയമ പ്രകാരം, ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് നരഹത്യയ്ക്ക് കാരണക്കാരായി ശിക്ഷിക്കപ്പെടുന്നവര്‍ കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പറയുന്നു. കുട്ടിക്ക് 18 വയസ് തികയുന്നത് വരെയോ അല്ലെങ്കില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്നതു വരെയോ, ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയുള്ള ചെലവുകള്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ വഹിക്കണം.

കുട്ടിയുടെയും രക്ഷിതാവിന്റെയോ സാമ്പത്തിക സ്ഥിതിയും, പ്രതിയുടെ സാമ്പത്തിക സ്രോതസുകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും കോടതി പ്രതിമാസം നല്‍കേണ്ട തുക എത്രയെന്ന് നിര്‍ണയിക്കുക. തടവുശിക്ഷ കാരണം പ്രതിക്ക് ചെലവുകള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ജയില്‍ മോചിതനായി ഒരു വര്‍ഷത്തിന് ശേഷം പേയ്മെന്റുകള്‍ നല്‍കണം.

പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാതിരിക്കുകയോ സ്പീഡ് കുറയ്ക്കാതിരിക്കുകയോ ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കുള്ള പിഴ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു: 500 മുതല്‍ 1250 ഡോളര്‍ വരെയാണ് പിഴ ഈടാക്കുക. വീണ്ടും ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ഡ്രൈവര്‍മാരുടെ നിയമലംഘനം മൂലം ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

നിയമലംഘനത്തിന് പിടിക്കപ്പെടുന്ന ഒരു ഡ്രൈവര്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ അവരുടെ പേര്, ജനനത്തീയതി, വിലാസം എന്നിവ ഒരു ഉദ്യോഗസ്ഥന് കൃത്യമായി നല്‍കാതിരിക്കുകയോ ചെയ്താല്‍, അവര്‍ക്കെതിരെ ക്ലാസ് ബി അല്ലെങ്കില്‍ സി പ്രകാരം കുറ്റം ചുമത്താം.

പ്രതികൂല കാലാവസ്ഥയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ മൂലം ടെക്‌സാസിലെ റോഡുകളിലെയും ഹൈവേകളുടെയും വേഗത പരിധിയില്‍ മാറ്റം വരുത്താന്‍ ഗതാഗത വകുപ്പിലെ എന്‍ജിനീയര്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഹൗസ് ബില്‍ 1885. 2021 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തില്‍ ഒന്നിനു പുറകേ ഒന്നായി 133 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തിന്റെ ഫലമായാണ് ഈ പുതിയ നിയമം കൊണ്ടുവന്നത്.

റോഡില്‍ രണ്ടു കാറുകള്‍ തമ്മില്‍ മത്സരിച്ച് ഓടിക്കുന്നവര്‍ക്കുള്ള പിഴശിക്ഷയും വര്‍ദ്ധിപ്പിച്ചു. നേരത്തെ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ മാത്രമാണ് കേസ് എടുത്തിരുന്നത്. ഈ വ്യവസ്ഥ പുതിയ നിയമത്തില്‍ ഒഴിവാക്കി. വാഹനങ്ങള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ പുതിയ നിയമം അനുവദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.