ഉക്രെയ്നിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ റഷ്യന്‍ വ്യോമാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉക്രെയ്നിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ റഷ്യന്‍ വ്യോമാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

കീവ്: ഉക്രെയ്‌നിലെ മാര്‍ക്കറ്റിലുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയടക്കം 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഡോണെസ്‌ക് മേഖലയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് മിസൈല്‍ പതിച്ചത്. റഷ്യക്കെതിരെ കടുത്ത നടപടി വേണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സെലന്‍സ്‌കി പറഞ്ഞു.

യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കീവില്‍ എത്തിയതിന് പിന്നാലെയായിരുന്നു മിസൈല്‍ ആക്രമണം.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ എസ്-300 മിസൈലാണ് മാര്‍ക്കറ്റില്‍ പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തില്‍ ഉക്രെയ്‌ന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് ഉക്രെയ്‌നെ മോചിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി റസ്റ്റം ഉമറോവ് പറഞ്ഞു. ഉക്രെയ്‌നിലെ ഓരോ സെന്റീമീറ്ററില്‍ നിന്നും റഷ്യയെ തുരത്തും. അതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന ഒലക്സി റസ്നികോവിനെ പുറത്താക്കിയാണ് സെലന്‍സ്‌കി റസ്റ്റം ഉമറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.