വൈദ്യുതി സെസിന് വീണ്ടും നീക്കം; യൂണിറ്റിന് 22 പൈസ ചുമത്തിയേക്കും

വൈദ്യുതി സെസിന്  വീണ്ടും നീക്കം; യൂണിറ്റിന് 22 പൈസ ചുമത്തിയേക്കും

തിരുവനന്തപുരം: ഉയര്‍ന്ന വിലയ്ക്ക് കഴിഞ്ഞ രണ്ടു മാസം പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ അധിക ചെലവ് ജനങ്ങളില്‍ നിന്ന് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ്. ഇതിനായി യൂണിറ്റിന് 22 പൈസ സെസ് ചുമത്താനാണ് നീക്കം.

ഇതിനുള്ള അനുമതി തേടി ബോര്‍ഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. നിലവില്‍ ബോര്‍ഡ് തീരുമാനിച്ച പത്ത് പൈസയും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസയും സെസായി ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ സെസ് ഈടാക്കാന്‍ നീക്കം.

സാധാരണക്കാരുടെ വീടുകളില്‍ ഒരു മാസം ശരാശരി 150 മുതല്‍ 200 യൂണിറ്റ് വരെയാണ് ഉപയോഗം. വൈദ്യുതി വാങ്ങാന്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 341.31 കോടി രൂപയാണ് അധികം ചെലവഴിച്ചത്.

വൈദ്യുതി നിയമത്തിലെ പുതിയ ചട്ടപ്രകാരം അധികച്ചെലവ് അതത് മാസം നികത്തണം. കെ.എസ്.ഇ.ബിക്ക് സ്വയം ചുമത്താവുന്ന സെസ് യൂണിറ്റിന് 10 പൈസ വരെയാണ്. അതില്‍ കൂടിയാല്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം.

പുതിയ സെസ് മാസങ്ങളോളം നീണ്ടുപോകാനും താരിഫ് വര്‍ധനയ്ക്കും സാധ്യതയുണ്ട്. ഈ വര്‍ഷം ജൂണില്‍ നടപ്പാക്കേണ്ട താരിഫ് വര്‍ധന സെപ്തംബര്‍ 11 വരെ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ കെ.എസ്.ഇ.ബി വിളിച്ച ദീര്‍ഘകാല കരാര്‍ ടെന്‍ഡറുകളില്‍ 6.88 രൂപ മുതല്‍ 10.20 രൂപ വരെയാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാല്‍ അടുത്ത മെയ് വരെ ചുരുങ്ങിയത് 3240 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ പേരില്‍ അടുത്ത വര്‍ഷം വന്‍ നിരക്ക് വര്‍ധനയും വന്നേക്കും.

വൈദ്യുതി ക്ഷാമം ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി ഇപ്പോള്‍ ദിവസേന 20 കോടി രൂപവരെ അധികം ചെലവിടുന്നുണ്ട്. 20 ദശലക്ഷം യൂണിറ്റ് വരെയാണ് ദിവസവും വാങ്ങുന്നത്.

പവര്‍ എക്‌സ്ചേഞ്ചില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് പലപ്പോഴും യൂണിറ്റിന് പരമാവധി വിലയായ 10 രൂപ നല്‍കേണ്ടി വരുന്നു. മഴക്കുറവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതുമാണ് പ്രതിസന്ധിക്ക് കാരണമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.