ബാംബോലിം: പുതുവര്‍ഷത്തില്‍ പുതു തുടക്കത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ടുകെട്ടുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 2021ലെ ആദ്യ മത്സരത്തിന് ബാംബോലിം വേദിയാകുമ്പോൾ ബ്ലാസ്റ്റേഴ്സും കരുത്തരായ മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് പോരാട്ടം. ക്രിസ്മസ് പിറ്റേന്ന്, സീസണിലെ ആദ്യ ജയം സ്വന്തം പേരില്‍ കുറിച്ചാണ് ബ്ലാസ്റ്റേഴ്സ് പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചത്.
മൂന്നു തോല്‍വിയും മൂന്നു സമനിലയുമായി നിരാശപ്പെടുത്തിയ തുടക്കത്തിനുശേഷം, ഏഴാം അങ്കത്തില്‍ ഹൈദരാബാദ് എഫ്സിക്കെതിരായിരുന്നു ജയം. വിദേശികള്‍ ഉള്‍പ്പെടെയുള്ള പ്രധാനികള്‍ക്കെല്ലാം വിശ്രമം നല്കി, കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ കളത്തിലിറക്കി കോച്ച് കിബു വികുന നടത്തിയ പരീക്ഷണം ഉജ്ജ്വലവിജയമായി. കോസ്റ്റ-ബകാറി കോനെ പ്രതിരോധത്തിന് പകരം അബ്ദുല്‍ ഹക്കുവും സന്ദീപ് സിങ്ങും നയിച്ച പ്രതിരോധനിര അതിശയിപ്പിക്കുന്ന മികവോടെ ഫോമിലേക്കുയര്‍ന്നപ്പോള്‍ കളി മാറി. ടീം മികവിന്റെ ഉത്തമോദാഹരണമായി 2-0ത്തിന്റെ ജയവുമെത്തി. ഈ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പുതുവര്‍ഷത്തെ വരവേറ്റത്. ഒറ്റജയത്തിലെത്തിയ ഊര്‍ജം ആരാധകരിലേക്കും പകരണമെങ്കില്‍ വിജയത്തുടര്‍ച്ച അനിവാര്യമാണ്.
അതേസമയം, എതിരാളികളായ മുംബൈ സിറ്റി അതിശക്തരാണ്. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റശേഷം ടീം തോല്‍വി അറിഞ്ഞിട്ടില്ല. അഞ്ചു ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനമാണ്. 11 ഗോള്‍ അടിച്ചുകൂട്ടിയപ്പോള്‍ വഴങ്ങിയത് മൂന്നെണ്ണം മാത്രം. കോച്ച് ലൊബേറക്കു കീഴില്‍ ഗോള്‍മെഷീന്‍ ആഡം ലെഫോണ്ട്രെ മിന്നും ഫോമില്‍. സീസണില്‍ അഞ്ചു ഗോളാണ് ഈ ഇംഗ്ലണ്ടുകാരന് നേടിയത്. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെയാണ് മറ്റൊരു സുപ്രധാന താരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.