രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ 'ഗോധ്ര' പോലെയുള്ള സംഭവങ്ങളുണ്ടായേക്കും; ഉദ്ധവ് താക്കറെ

രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ 'ഗോധ്ര' പോലെയുള്ള സംഭവങ്ങളുണ്ടായേക്കും; ഉദ്ധവ് താക്കറെ

മുംബൈ: അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനത്തിന് പിന്നാലെ 'ഗോധ്ര' പോലെയുള്ള സംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ക്ഷേത്ര ഉദ്ഘാടനത്തിനെത്തുന്ന വന്‍ ജനക്കൂട്ടം തിരിച്ചുപോകുന്ന യാത്രയിലായിരിക്കും അത്തരം സംഭവങ്ങള്‍ ഉണ്ടാവുകയെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.

2002 ഫെബ്രുവരി 27 ന് അയോധ്യയില്‍ നിന്ന് കര്‍സേവകര്‍ മടങ്ങിപ്പോകുകയായിരുന്ന സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ കോച്ചിന് തീവെച്ചതും തുടര്‍ന്ന് സംസ്ഥാനത്തുടനീളം വന്‍തോതില്‍ കലാപങ്ങളുമുണ്ടായതും ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

'രാമക്ഷേത്രം ഉദ്ഘാടനത്തിന് സര്‍ക്കാര്‍ ഒരുപാടുപേരെ ക്ഷണിക്കാന്‍ സാധ്യതയുണ്ട്. ബസിലും ട്രക്കിലുമായൊക്കെ അയോധ്യയിലെത്തുന്ന ജനം തിരിച്ചുപോകുമ്പോള്‍ ഗോധ്ര പോലൊരു സംഭവം ഉണ്ടായേക്കാം' ജല്‍ഗാവില്‍ നടന്ന ഒരു പരിപാടിയിലാണ് സംഘ്പരിവാറിന് നേരെ ഉദ്ധവ് ഒളിയമ്പെയ്തത്. 2024 ജനുവരിയിലായിരിക്കും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്നാണ് കരുതപ്പെടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്ഷേത്രം ഉദ്ഘാടനം നടത്താനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന.
സ്വന്തമായി ഉയര്‍ത്തിക്കാട്ടാന്‍ മാതൃകാ നേതാക്കന്മാരില്ലാത്ത ബി.ജെ.പിയും ആര്‍.എസ്.എസും മഹാന്മാരായ സര്‍ദാര്‍ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയുമൊക്കെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഉദ്ധവ് പരിഹസിച്ചു. തന്റെ പിതാവ് ബാല്‍താക്കറെയുടെ പാരമ്പര്യത്തിന് മേലും അവര്‍ അവകാശമുന്നയിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേരിലുള്ള ഒരു കൂറ്റന്‍ പ്രതിമ ഉണ്ടാക്കിയതല്ലാതെ തങ്ങളുടേതായ ഒരു സംഭാവനയും ഈ രാജ്യത്തിന് നല്‍കാത്തവരാണ് ബി.ജെ.പിയും ആര്‍.എസ്.എസും എന്നും താക്കറെ പരിഹസിച്ചു.

ആ പ്രതിമയല്ലാതെ പട്ടേലിന്റെ നേട്ടങ്ങളെക്കുറിച്ചൊന്നും അവര്‍ ചിന്തിക്കുന്നില്ല. ഇക്കൂട്ടര്‍ പട്ടേലിന്റെ മഹത്വത്തിന് തൊട്ടടുത്തു പോലും എത്തുന്നവരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി ചരടുവലിച്ച് ശിവസേന പിളര്‍ത്തിയതില്‍ പിന്നെ കടുത്ത ആക്രമണമാണ് അവര്‍ക്കെതിരെ ഉദ്ധവ് നടത്തുന്നത്.

കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങളെല്ലാം ഉദ്ധവ് ബലികഴിച്ചെന്നാണ് ബി.ജെ.പി ഉയര്‍ത്തുന്ന ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.