അശരണർക്ക് കൈത്താങ്ങായി ലൈറ്റ് ഇൻ ലൈഫിനൊപ്പം, ദയ പാലിയേറ്റീവ് കെയറിന്റെ ഓണാഘോഷം

അശരണർക്ക് കൈത്താങ്ങായി ലൈറ്റ് ഇൻ ലൈഫിനൊപ്പം,  ദയ പാലിയേറ്റീവ് കെയറിന്റെ ഓണാഘോഷം

കോട്ടയം: ജീവകാരുണ്യ സംഘടനയായ സ്വിറ്റ്‌സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കേരളത്തിലേ ഏറ്റവും വലിയ ആതുര ശുശ്രൂഷാ സ്ഥാപനമായ ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി കുറുമണ്ണിൻ്റെയും, കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ദയ പാലിയേറ്റിവ് ഗുണഭോക്താക്കളും രോഗികളും അശരണരും പരിപാടിയിൽ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പ്, ഭിന്നശേഷി സംഗമം, സൗജന്യ നിയമസഹായ ക്ലിനിക്ക്, ഓണക്കിറ്റ് വിതരണം, മെഡിക്കൽ കിറ്റ് വിതരണം, വീൽ ചെയർ വിതരണം തുടങ്ങി വിപുലമായ സഹായ പരിപാടികളും നടത്തപ്പെട്ടു. ഓണസദ്യയും ഓണക്കളികളും പരിപാടിയുടെ മാറ്റുകൂട്ടി.

2023 ഓഗസ്റ്റ് 26 ശനിയാഴ്ച്ച രാവിലെ 11 മണിക്ക്, മേലുകാവ് HRDT സെന്ററിൽ വച്ച്, കോട്ടയം ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറി സബ് ജഡ്ജ് രാജശ്രീ രാജ് ഗോപാൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മിഷൻ-കോട്ടയം ജില്ലാ പ്രോഗ്രം മാനേജർ, ഡോ. അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പാലാ രൂപതാ മുൻ ഓക്‌സിലിയറി ബിഷപ്പ് മാർ. ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. വിദൂരത്തായിരിക്കുമ്പോഴും പ്രവാസി മലയാളികൾ സഹജീവികളോടു കാണിക്കുന്ന കരുണയും കരുതലും മാതൃകാപരമാണെന്നും ദയ പാലിയേറ്റിവ് സൊസൈറ്റി പോലെയുള്ള സ്ഥാപനങ്ങളുടെ പ്രസക്തി ഇക്കാലത്ത് വളരെ വലുതാണെന്നും തൻ്റെ പ്രസംഗത്തിൽ മാർ. ജേക്കബ് മുരിക്കൻ എടുത്തു പറഞ്ഞു.

ലൈറ്റ് ഇൻ ലൈഫിന്റെ സഹകരണത്തിൽ അംഗപരിമിതരായവർക്ക് 50 വീൽ ചെയറുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ലൈറ്റ് ഇൻ ലൈഫിന്റെ പ്രതിനിധി ശ്രീ ടോമിച്ചൻ തോമസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. CSI ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ്.ഫ്രാൻസിസ് ആശംസകൾ നേർന്നു. റവ.പി. സി.മാത്യുക്കുട്ടി, ഫാ.ജോർജ് കാരംവേലിൽ,അജിലാൽ ജോസഫ്, ഡോ.പി.ടി.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

ദയ ചെയർമാൻ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച മീറ്റിംഗ്ഗിൽ ദയ സെക്രട്ടറി രാജീവ് കല്ലറക്കൽ സ്വാഗതം പറയുകയും ദയയുടെ വൈസ് ചെയർപേഴ്സണും പാരാ ലീഗൽ വോളന്റിയറുമായ സോജാ ബേബി നന്ദി പറയുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.