ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 ന്റെ നാലാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരം. ആദിത്യയിലെ ത്രസ്റ്റര്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്.
നിലവില്‍ ഭൂമിയുടെ 256 കിലോമീറ്റര്‍ അടുത്തും 1,21,973 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലം വെക്കുന്നത്. സെപ്റ്റംബര്‍ മൂന്ന്, അഞ്ച്, പത്ത് തിയതികളിലായി ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ 1 ന്റെ ഭ്രമണപഥം ഉയര്‍ത്തിയത്.
നാലാം ഭ്രമണപഥത്തില്‍ വലം വെക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ചിയന്‍ 1 പോയന്റിലേക്കുള്ള യാത്ര തുടങ്ങും. ഇതിനായി ത്രസ്റ്റര്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് പേടകത്തെ ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയന്റ് 1 പാതയിലേക്ക് മാറ്റും. ഈ പ്രക്രിയ സെപ്റ്റംബര്‍ 19 ന് പുലര്‍ച്ചെ രണ്ട് മണിക്ക് നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടിനാണ് പേടകം വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് 1 പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26