ട്രിപ്പോളി: ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഡാനിയേൽ കൊടുങ്കാറ്റുണ്ടാക്കിയ നാശം ചില്ലറയല്ല. ഇതിനകം അയ്യായിരത്തിലേറെ പേർക്ക് ജീവൻ നഷ്‌ടമായപ്പോൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ നിരവധി. രണ്ട് അണക്കെട്ടുകൾ തകർന്നതോടെ ഡെർന പട്ടണത്തിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
മരണസംഖ്യ ഉയരുന്നതിനിടെ ഭൂരിഭാഗം ജീവഹാനിയും ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ പെറ്റെറി ടാലസ്. മുന്നറിയിപ്പ് നൽകി ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിൽ മരണം ഗണ്യമായി കുറക്കാമായിരുന്നു. 20,000ത്തിലേറെ ആളുകൾ മരിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന രാജ്യത്ത് കാലാവസ്ഥ നിരീക്ഷണത്തിനും മുന്നറിയിപ്പ് നൽകാനും സംവിധാനങ്ങൾ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപം.
രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്ന ലിബിയയിൽ രക്ഷാപ്രവർത്തനങ്ങൾ സങ്കീർണമാണ്. എല്ലാവരും മൊറോക്കയിലെ ഭൂകമ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ലിബിയയിലെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര അടിയന്തര സഹായ പ്രവർത്തനം മന്ദഗതിലിയാണെന്നും റിപ്പോർട്ടുകളുണ്ട്.12 രാജ്യങ്ങളാണ് ഇതുവരെ ലിബിയയിലേക്ക് സഹായ രക്ഷാ സംഘങ്ങളെ അയച്ചിട്ടുള്ളത്.
ഡെർണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഡെർണ നഗരത്തിന്റെ നാലിലൊന്നോ അതിലധികമോ ഭാഗം ജലപ്രവാഹത്തിൽ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ പലതും ഇപ്പോഴും തെരുവിലാണ്. കടലിൽ നിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവചിച്ചതിലുമധികമാണ് നാശനഷ്ടങ്ങളെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
കൊടുങ്കാറ്റും പ്രളയവും ഏറ്റവും കൂടുതൽ ബാധിച്ച ഡെർണയിൽ നിന്ന് ഇതുവരെ 30000 പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കൂട്ടമായാണ് ഇപ്പോൾ സംസ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.