നിപ്പ: ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റിബോഡി എത്തിക്കാന്‍ ഐസിഎംആര്‍

നിപ്പ: ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റിബോഡി എത്തിക്കാന്‍ ഐസിഎംആര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ അപകടകാരിയായ നിപ്പ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റിബോഡി എത്തിക്കാന്‍ ഐസിഎംആര്‍. 20 ഡോസ് ആന്റിബോഡി വാങ്ങാനാണ് തീരുമാനം.

നേരത്തെ 2018ല്‍ ആദ്യമായി നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 10 ഡോസ് ആന്റിബോഡി വാങ്ങിയിരുന്നു. എന്നാല്‍ ഇത് 10 പേര്‍ക്ക് നല്‍കാനേ ഉള്ളു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആന്റിബോഡി വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു.

അടിയന്തിര ഘട്ടത്തില്‍ പ്രത്യേക അനുമതിയോടെ മാത്രം നല്‍കുന്ന മരുന്നാണ് മോണോക്ലോണല്‍ ആന്റിബോഡി. രാജ്യത്തിനു പുറത്ത് ഇതുവരെ 14 പേര്‍ക്കാണ് ഈ മരുന്ന് നല്‍കിയിട്ടുള്ളത്. അവരെല്ലാവരും രോഗമുക്തി കൈവരിച്ചിട്ടുണ്ട്.

കോവിഡിനെ അപേക്ഷിച്ച് വളരെ കൂടുതല്‍ അപകടകാരിയാണ് നിപ്പ വൈറസ്. രണ്ടു മുതല്‍ മൂന്നു ശതമാനമാണ് കോവിഡിന്റെ മരണനിരക്കെങ്കില്‍ നിപ്പ ബാധിക്കുന്നവരില്‍ മരണനിരക്ക് 40 മുതല്‍ 70 ശതമാനം വരെയാണ്. ഇതാണ് ഈ ബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

അതേ സമയം, വവ്വാലുകളില്‍ നിന്നാണ് രോഗബാധ പടര്‍ന്നതെന്ന വാദം ഇതുവരെ സ്ഥിരീകരിക്കുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

കേരളത്തില്‍ രോഗബാധ കണ്ടെത്തിയ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിലനില്‍ക്കുകയാണ്. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.