ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്റെ പടയൊരുക്കം. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന മെഗാ റാലിയോടെയാണ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് അനൗദ്യോഗിക തുടക്കം കുറിച്ചത്.
റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച സോണിയ ഗാന്ധി കര്‍ണാടക മോഡല്‍ ആറ് സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു. തെലങ്കാനയിലെ സ്ത്രീകള്‍ക്ക് മഹാലക്ഷ്മി പദ്ധതി പ്രകാരം പ്രതിമാസം 2,500 രൂപ ധന സഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍, സംസ്ഥാനത്തുടനീളമുള്ള ടിഎസ്ആര്‍സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍.
'തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് എന്റെ സ്വപ്നം. നിങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ പോവുകയാണോ? ഈ മഹത്തായ സംസ്ഥാനമായ തെലങ്കാനയുടെ പിറവിയുടെ ഭാഗമാകാന്‍ എനിക്കും എന്റെ സഹ പ്രവര്‍ത്തകര്‍ക്കുമുള്ള അവസരമാണിത്' - സോണിയ ഫറഞ്ഞു.
സംസ്ഥാനം രൂപീകരിച്ച് ഒമ്പത് വര്‍ഷത്തിന് ശേഷം തെലങ്കാനയുടെ സമൃദ്ധമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളെ വഞ്ചിച്ചെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെയും തെലങ്കാനയിലെ ബിആര്‍എസ് ഭരണത്തെയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നിശിതമായി വിമര്‍ശിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും കുടുംബവും സംസ്ഥാനത്ത് കുടുംബ ഭരണവും നിസാമുമാരെപ്പോലെയുള്ള ഭരണവും നടപ്പാക്കുകയാണെന്നും വര്‍ക്കിങ് കമ്മിറ്റി കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്നും ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഭാവി നല്‍കി സുവര്‍ണ തെലങ്കാന എന്ന സ്വപ്നം പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.