തായ്‌വാന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം; ദ്വീപിനടുത്ത് 103 ചൈനീസ് യുദ്ധവിമാനങ്ങൾ

തായ്‌വാന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം; ദ്വീപിനടുത്ത് 103 ചൈനീസ് യുദ്ധവിമാനങ്ങൾ

തായ്‌വാൻ: തായ്‌വാനെ വീണ്ടും സുരക്ഷാഭീഷണിയിലാക്കി ചൈന. 103 ചൈനീസ് യുദ്ധവിമാനങ്ങൾ കണ്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 17 നും 18 നും ഇടയിൽ തായ്‌പേയ് ദ്വീപിന് ചുറ്റുമായാണ് വിമാനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒൻപത് നാവിക കപ്പലുകളും കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.

ഇത് പ്രദേശത്തുടനീളമുള്ള സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുവെന്ന് മന്ത്രാലയം പറഞ്ഞു. തുടർന്ന് തായ്‌വാൻ ഇറക്കിയ പ്രസ്താവനയിൽ ബീജിംഗിന്റെ തുടർച്ചയായുള്ള സൈനിക പ്രവർത്തനങ്ങൾ പ്രാദേശിക സുരക്ഷയെ കൂടുതൽ വഷളാക്കുമെന്നും ഇത്തരം ഏകപക്ഷീയമായ പ്രവർത്തനങ്ങൾ നിർത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായും പറയുന്നു.

കണ്ടെത്തിയ യുദ്ധ വിമാനങ്ങളിൽ 40 എണ്ണം തായ്‌വാനിലെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ (എഡിഐസെഡ്) പ്രവേശിച്ചുവെന്നും പറയുന്നു. കൂടാതെ ഒമ്പത് ചൈനീസ് നാവിക കപ്പലുകളും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സംഘർഷ ഭരിതമായ അന്തരീക്ഷം കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകിയ ചൈനീസ് സൈനിക നടപടിയെ 'അതിക്രമം' എന്നാണ് തായ്‌വാൻ മന്ത്രാലയം വിശേഷിപ്പിച്ചത്. വിനാശകരമായ സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും ബെയ്ജിംഗ് അധികാരികളോട് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു തായ്‌വാൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ദ്വീപിൻറെ പ്രധാന ഭൂപ്രദേശത്തു നിന്ന് വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിലൂടെ യുഎസിന്റേയും കാനഡയുടെയും യുദ്ധക്കപ്പലുകൾ സഞ്ചരിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ കടന്നുകയറ്റം. തായ്‌വാനുമായി സംയോജിച്ച് ചൈനയുടെ അടുത്തുള്ള പ്രവർത്തനമേഖലയായ ഫുജിയാനിൽ വികസന പദ്ധതിയും ചൈന നീക്കം തുടങ്ങിയിട്ടുണ്ട്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനു ശേഷം ലോകം മറ്റെരു യുദ്ധത്തിനു സാക്ഷ്യം വഹിക്കുകയാണെങ്കിൽ അത് തായ്‌വാനിലായിരിക്കുമെന്നാണ് പറയപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.