ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ തങ്ങളുടെ ആശയമായിരുന്നെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് ദീര്‍ഘകാലം ഉന്നയിച്ച ആവശ്യമായിരുന്നിതെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റില്‍ പ്രവേശിക്കുമ്പോള്‍ ബില്ലിനെക്കുറിച്ചുള്ള ചോദ്യത്തിന് 'ഇത് ഞങ്ങളുടേതാണ്, അപ്നാ ഹേ' എന്നായിരുന്നു സോണിയാ ഗാന്ധി പറഞ്ഞത്. പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ എത്തിയേക്കുമെന്നിരിക്കെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലെ പുതുക്കിയ അജണ്ടയിലാണ് വനിതാ സംവരണ ബില്ലും ഉള്‍പ്പെടുത്തിയത്.
കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ബില്ലിന്റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. പ്രത്യേക സമ്മേളനത്തിന് മുമ്പുള്ള സര്‍വകക്ഷി യോഗത്തില്‍ ഇത് വളരെ നന്നായി ചര്‍ച്ച ചെയ്യാമായിരുന്നതായും രഹസ്യത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നതിന് പകരം ഈ വിഷയത്തില്‍ സമവായം ഉണ്ടാക്കാമായിരുന്നെന്നും അദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിലെ സഖ്യകക്ഷികളുടെയും വിജയമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും പറഞ്ഞു.
ബില്‍ എത്രയും വേഗം പാസാക്കണമെന്നും യുപിഎ അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് ബില്ലിനായുള്ള ആവശ്യം ആരംഭിച്ചതെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരിയും പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v