നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാ ഫലവും വവ്വാലിന്റെ ആദ്യ സാമ്പിളും നെഗറ്റീവ്

നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാ ഫലവും വവ്വാലിന്റെ ആദ്യ സാമ്പിളും നെഗറ്റീവ്

കോഴിക്കോട്: ജില്ലയില്‍ നിപ ആശങ്ക ഒഴിയുന്നു. 49 ഫലങ്ങള്‍ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്‌ക് ലിസ്റ്റിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളത്.

തീവ്ര ലക്ഷണങ്ങള്‍ കാണിച്ച മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയുടെ ഫലവും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. അതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ള ഏതാണ്ട് മുഴുവന്‍ പേരെയും പരിശോധിച്ച് കഴിഞ്ഞു. എല്ലാവരും നെഗറ്റീവാണ്. മറ്റുള്ളവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ലക്ഷണം ഉള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. അത് നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വവ്വാലുകളില്‍ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടര്‍ന്ന് ആദ്യം കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച വടകര താലൂക്കിലെ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിപ കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചിരുന്നു. ആദ്യ രോഗിക്ക് നിപ ബാധയേറ്റത് സമീപപ്രദേശങ്ങളില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത് സമീപ പ്രദേശങ്ങളില്‍ നിന്നാണെന്ന് വ്യക്തമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.