'എക്സ്' ഉപയോഗിക്കാന്‍ ഇനി പണം മുടക്കേണ്ടി വരും: സൂചന നല്‍കി ഇലോണ്‍ മസ്‌ക്

'എക്സ്' ഉപയോഗിക്കാന്‍ ഇനി പണം മുടക്കേണ്ടി വരും: സൂചന നല്‍കി ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: ട്വിറ്ററിന്റെ പുതിയ രൂപമായ എക്സ്.കോം ഉപയോഗിക്കാന്‍ ഇനി പണം മുടക്കേണ്ടി വരുമെന്ന സൂചന നല്‍കി കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ സൗജന്യമായി ഉപയോഗിക്കാനാവുന്ന എക്സ്.കോം താമസിയാതെ തന്നെ ഒരു പെയ്ഡ് സേവനം ആയി മാറിയേക്കും എന്നാണ് അദേഹം പറഞ്ഞത്.

ഇതോടെ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ 'എക്സ്' ഉപയോക്താക്കള്‍ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യയായി നല്‍കേണ്ടി വരും. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ പ്രതിമാസ തുക എത്രയായിരിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയില്ലെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെയാണ് ട്വിറ്ററിന്റെ പേര് 'എക്സ്' എന്നാക്കി മാറ്റിക്കൊണ്ട് ഇലോണ്‍ മസ്‌ക് പ്രഖ്യാപനം നടത്തിയത്. ട്വിറ്ററിനെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളിലാണ് മസ്‌കും സംഘവും.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ എക്സുമായി ബന്ധപ്പെട്ട ചില കണക്കുകളും മസ്‌ക് വെളിപ്പെടുത്തി. എക്സിന് ഇപ്പോള്‍ 55 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു.

ഉപയോക്താക്കളില്‍ എത്രപേര്‍ യഥാര്‍ത്ഥ ഉപയോക്താക്കളാണെന്നും എത്രയെണ്ണം ബോട്ടുകളാണെന്നും മസ്‌ക് വ്യക്തമാക്കിയില്ല. മാത്രവുമല്ല പഴയ ട്വിറ്ററിന്റെ കണക്കുകളുമായുള്ള തരതമ്യത്തിനും അദ്ദേഹം തയ്യാറായില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭീഷണികളെ കുറിച്ചും അതെങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുമാണ് നെതന്യാഹുവും മസ്‌കും പ്രധാനമായും ചര്‍ച്ച ചെയ്തത്.

4,400 കോടി ഡോളര്‍ മുടക്കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത്. ട്വിറ്ററിനെ ഒരു എവരിതിങ് ആപ്പാക്കി മാറ്റാനാണ് താല്‍പര്യപ്പെടുന്നതെന്ന് ന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റ പേര് എക്സ് ആക്കിയതിന് പിന്നാലെ ട്വിറ്ററിന്റെ പക്ഷിയുടെ ചിഹ്നവും മാറ്റി പുതിയ ലോഗോ സ്ഥാപിച്ചു.

നിലവില്‍ എക്സ് പ്രീമിയം എന്ന പേരില്‍ പണം വാങ്ങിയുള്ള സബ്സ്‌ക്രിപ്ഷന്‍ സേവനം എക്സ് നല്‍കുന്നുണ്ട്. എക്സ് പ്രീമിയം വരിക്കാര്‍ക്ക് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ഉള്‍പ്പടെ അധിക ആനൂകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.