'ഡയറിയിലെ ആ പി.വി ഞാനല്ല; എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍'

'ഡയറിയിലെ ആ പി.വി ഞാനല്ല; എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍'

തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് താന്‍ എന്ത് പറയാനാണെന്നും മുഖ്യമന്ത്രി ചേദിച്ചു.

ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല.

ബന്ധപ്പെട്ട ആളോട് പ്രതികരണമെങ്കിലും ഏജന്‍സി തേടേണ്ടതായിരുന്നു. ഈ കണക്കുകളെല്ലാം മറച്ചു വെച്ചതല്ല. കണക്കുകളെല്ലാം സുതാര്യമായിരുന്നു. പിണറായി വിജയനെ ഇടിച്ചു താഴ്ത്താനാണ് ശ്രമിക്കുന്നത്. അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നത്. സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യുഡിഎഫ് ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടതായുള്ള വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും നമ്മുടെ സമൂഹത്തില്‍ ആരും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നതെന്നും മന്ത്രിയുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വല്ലാതെ ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

പക്ഷേ പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. നമ്മുടെ സമൂഹത്തില്‍ നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൂടി അഭിപ്രായമറിഞ്ഞ ശേഷം എന്ത് നടപടി സ്വീകരിക്കണോ യുക്തമായ നടപടി സ്വീകരിക്കുക തന്നെ വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.