ഒട്ടാവ: നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാവുന്നതിനിടയില്‍ പ്രതികരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയെ പ്രകോപിപ്പിക്കാനല്ല കാനഡയുടെ ശ്രമം. പക്ഷേ, ഇന്ത്യന്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം.
ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയത്.
തുടര്‍ന്ന് ആദ്യം കാനഡ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. തൊട്ടു പിന്നാലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങള്‍ ദുരുപദിഷ്ടവും അസംബന്ധവുമാണന്ന വ്യക്തമാക്കി ഇന്ത്യ തള്ളുകയും ചെയ്തു.
നിരോധിത ഖലിസ്ഥാന്‍ സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹര്‍ദീപ് സിങ് നിജ്ജാര്‍ (45) കഴിഞ്ഞ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്.
കുറ്റവാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏജന്റുമാരാണ് കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v