ഷമി തിളങ്ങി, ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ; അഞ്ചു വിക്കറ്റ് വിജയം

ഷമി തിളങ്ങി, ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ; അഞ്ചു വിക്കറ്റ് വിജയം

മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില്‍ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: ഓസ്ട്രേലിയ - 276/10 (50 ഓവര്‍), ഇന്ത്യ - 281/5 (48.4 ഓവര്‍).

277 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ കണക്കിനു ശിക്ഷിച്ച ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 21.4 ഓവറില്‍ 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗെയ്ക്വാദ് 71 റണ്‍സും, കൂടുതല്‍ ആക്രമിച്ചു കളിച്ച ശുഭ്മാന്‍ ഗില്‍ 63 പന്തില്‍ നിന്ന് 74 റണ്‍സും നേടി.

എന്നാല്‍ തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ എടുത്ത് ഇന്ത്യയെ ഓസ്ട്രേലിയ തിരിച്ചടിക്കാന്‍ ശ്രമിച്ചുവെങ്കിലും ക്രീസില്‍ ഒത്തുചേര്‍ന്ന കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് വിജയതീരത്ത് എത്തിക്കുകയായിരുന്നു.

സൂര്യകുമാര്‍ 49 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ നായകന്റെ കളി പുറത്തെടുത്ത കെഎല്‍ രാഹുല്‍ 62 പന്തില്‍ നിന്ന് തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ തൊട്ടടുത്ത പന്തില്‍ സിക്സ് പറത്തി വിജയറണ്‍സും കുറിച്ചു. രവീന്ദ്ര ജഡേജ ആറു പന്തില്‍ 3 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ അമ്പത്തിയൊന്നു റണ്‍സിന് അഞ്ചു വിക്കറ്റു നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് 277ല്‍ ഒതുക്കിയത്. ഒരു ഘട്ടത്തില്‍ 98ന് രണ്ട് എന്ന നിലയില്‍ മികച്ച സ്‌കോറിലേക്കു കുതിച്ച ഓസ്ട്രേലിയയെ മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ഷമിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.


ഡേവിഡ് വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടി. സ്റ്റീവ് സ്മിത്ത്, ജോഷ് ലിംഗിസ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി. അവസാനം ആഞ്ഞടിച്ച നായകന്‍ പാറ്റ് കമ്മിന്‍സ് 9 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയത് അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തി.

ഇന്ത്യയ്ക്കു വേണ്ടി ബുംറ, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഏറെക്കാലത്തിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ അശ്വിന്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടിയത് ഓസ്ട്രേലിയയുടെ റണ്‍നിരക്ക് കുറച്ചു.

മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാം മല്‍സരം 24ാം തീയതി നടക്കും. അവസാന ഏകദിനം 27ന് നടക്കും. പരമ്പര വിജയം കൈവരിക്കാനായാല്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യയ്ക്ക് ഐസിസി ഏകദിന ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനാകും. ആദ്യ മല്‍സരം തോറ്റതോടെ ഓസ്ട്രേലിയയുടെ സാധ്യതകള്‍ അവസാനിച്ചു. മൂന്നു മല്‍സരങ്ങളും ജയിച്ചിരുന്നെങ്കില്‍ മാത്രമേ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താനാകുമായിരുന്നുള്ളു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.