രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ല; ഖാലിസ്ഥാൻ നേതാവിനെ തള്ളിപ്പറഞ്ഞ് കാനഡ; ഇന്ത്യയെ പിന്തുണക്കാതെ അമേരിക്ക

രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ല; ഖാലിസ്ഥാൻ നേതാവിനെ തള്ളിപ്പറഞ്ഞ് കാനഡ; ഇന്ത്യയെ പിന്തുണക്കാതെ അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം തുടർച്ചയായി വർധിച്ചു വരികയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഗുണ്ടാസംഘങ്ങളും രാജ്യ വിരുദ്ധരായ ഖാലിസ്ഥാൻ ഭീകരരും കാനഡയിൽ അഭയം പ്രാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇക്കാര്യം പലതവണ കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.

ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖാലിസ്ഥാൻ നേതാവിന്റെ ആഹ്വാനം കാനഡ സർക്കാർ തള്ളി. കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു വിസ അനുവദിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതടക്കമുള്ള നടപടികൾക്കു പിന്നാലെയാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രാലയം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഇട്ടു.

കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നുന്റെ വിഡിയോ പ്രകോപനപരവും വിദ്വേഷജനകവുമാണെന്ന് സർക്കാർ വ്യക്തമാക്കി. വിഡിയോ കനേഡിയൻ പൗരന്മാരോടും അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള അനാദരവാണെന്നും പോസ്റ്റിൽ പറയുന്നു. കാനഡയിലുള്ളവർ പരസ്പരം ബഹുമാനിക്കണമെന്നും സർക്കാർ ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിനു ദിവസങ്ങൾക്കു മുൻപു തന്നെ പ്രചരിച്ചുതുടങ്ങിയ വിഡിയോയിൽ കാനഡ സർക്കാർ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ ‘ഹിന്ദു ഫോറം കാനഡ’യിലെ അംഗങ്ങൾ സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.

അതേ സമയം ഖാലിസ്ഥാൻ വാദി നേതാവിൻറെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ കാനഡയുടെ പക്ഷം ചേർന്ന് വീണ്ടും അമേരിക്ക. അതിർത്തി കടന്നുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. അമേരിക്കൻ നിലപാടിൽ ഇന്തയുടെ പ്രതികരണം എന്നാവും എന്നാണ് ഇനി അറിയേണ്ടത്.

ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നേരത്തെ സംസാരിച്ചതാണെന്ന് കാനഡ അവകാശപ്പെട്ടു. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ആഴ്ച്ചകൾക്ക് മുമ്പെ ഇന്ത്യയെ ധരിപ്പിച്ചിരുന്നുവെന്ന് പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ആരോപിച്ച കാര്യങ്ങൾ ഇന്ത്യയെ അറിയിച്ചിരുന്നു. ഒരുമിച്ച് നീങ്ങാനാണ് ശ്രമിച്ചത്. സത്യം പുറത്ത് വരേണ്ടതുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി.

വിഷയത്തിൽ നിലപാട് കടുപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. കാനഡയുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകും. യുഎൻ പൊതുസഭയിൽ വിഷയം അവതരിപ്പിക്കും. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎന്നിൽ സംസാരിക്കും. തെളിവ് പുറത്തു വിടണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു.

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച നടപടി ഉടൻ പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. കനേഡിയൻ പൗരന്മാർക്ക് വിസ നൽകില്ലെന്ന് ഇന്ത്യ അറിയിച്ചു. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ പൗരന്മാർക്കു വിസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരുന്നു.

ഇ- വിസ അടക്കം ഒരു തരത്തിലുള്ള വിസയും അനുവദിക്കില്ലെന്നാണ് തീരുമാനം. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വിസ ലഭിക്കില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ത്യ ഈ നടപടി പിൻവലിക്കണമെന്ന് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു. പഞ്ചാബ് കോൺ​ഗ്രസ് പ്രസിഡന്റ്, ശിരോമണി അകാലിദൾ തുടങ്ങിയ പല പ്രവാസി സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.