പാരീസ്: കടലില്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നവര്‍ അധിനിവേശകരല്ലെന്നും ദാരിദ്രവും ദുരിതവും മൂലം അഭയാര്‍ഥികളായി കടല്‍താണ്ടിയെത്തുന്നവരോട് കൂടുതല്‍ സഹിഷ്ണുത കാണിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ദക്ഷിണ ഫ്രഞ്ച് നഗരമായ മാഴ്സെയില്‍ ബിഷപ്പുമാരോടും മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
ഇറ്റാലിയല്‍ ദ്വീപായ ലാംപെഡൂസയില്‍ കഴിഞ്ഞ ആഴ്ച വലിയ തോതില്‍ അഭയാര്‍ത്ഥികളെത്തിയതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം.
മാഴ്സെയിലെ വെലോഡ്രോം സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് പാപ്പ നേതൃത്വം നൽകുന്നു.
വെള്ളിയാഴ്ച മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിലാണ് ഇമ്മാനുവല്‍ മാക്രോണ്‍ പങ്കെടുത്ത പരിപാടിയില്‍ മാര്‍പാപ്പയുടെ പ്രതികരണം.
ഇന്നത്തെ കാലത്ത് കുടിയേറ്റം ഒരു യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ ജ്ഞാനപൂര്‍വമായ ദീര്‍ഘവീക്ഷണത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ നിന്നുയരുന്ന വിലാപങ്ങള്‍ക്ക് നാം ചെവികൊടുക്കണം. യുദ്ധക്കെടുതികള്‍ കൊണ്ടും ദാരിദ്ര്യം കൊണ്ടും അഭയാര്‍ത്ഥികളായെത്തുന്നവരില്‍ നിശ്ചിത എണ്ണം ആളുകളെ നിയമപരമായി സ്വീകരിക്കണമെന്നും പാപ്പ പറഞ്ഞു.
'അഭയാര്‍ഥികള്‍ അക്രമികളല്ല, അവര്‍ ജീവിതം തേടിവരുന്നവരാണ്. അവരെ കടലില്‍ മുങ്ങിമരിക്കാന്‍ വിടരരുത്. നിയമവിധേയമായ കുടിയേറ്റത്തിന് അവസരമൊരുക്കുകയാണു വേണ്ടത്' - മാര്‍പാപ്പ പറഞ്ഞു.
യൂറോപ്പ് കുടിയേറ്റ അടിയന്തരാവസ്ഥ നേരിടുന്നുവെന്ന പ്രചാരണത്തിനു പകരം അഭയാര്‍ഥികളെ മാനുഷികമായി പരിഗണിക്കുകയാണു വേണ്ടതെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ 8500 അഭയാര്‍ത്ഥികളിലാണ് ഇറ്റാലിയന്‍ ദ്വീപിലെത്തിയിട്ടുള്ളത്. 199 ബോട്ടുകളിലായാണ് അഭയാര്‍ത്ഥികളെത്തിയത്.
ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പ മാര്‍പാപ്പ ഫ്രഞ്ച് പ്രസിഡന്റുമായി അരമണിക്കൂര്‍ സ്വകാര്യചര്‍ച്ച നടത്തി. മാക്രോണിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റും ഉണ്ടായിരുന്നു. ഇരുവരും സമ്മാനങ്ങളും കൈമാറി. അതേസമയം കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.
മാര്‍പാപ്പയെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാളുകളാണ് തെരുവോരങ്ങളില്‍ തടിച്ചുകൂടിയിരുന്നത്. റോമിലേക്ക് തിരിച്ചുപോകുന്നതിനു മുമ്പ് വെലോഡ്രോം സ്റ്റേഡിയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.