സെഞ്ചുറികളുമായി അയ്യരും ഗില്ലും, വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി രാഹുലും സൂര്യകുമാറും; ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് സ്‌കോര്‍

സെഞ്ചുറികളുമായി അയ്യരും ഗില്ലും, വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി രാഹുലും സൂര്യകുമാറും; ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് സ്‌കോര്‍

ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്ന മല്‍സരത്തില്‍ ഇന്ത്യ അടിച്ചു കൂട്ടിയത് 50 ഓവറില്‍ 399 റണ്‍സ്.

ആദ്യ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്ലും അയ്യരും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ശക്തമായ അടിത്തറ നല്‍കി. സെഞ്ചുറി നേടിയ ഉടനെ തന്നെ അയ്യര്‍ വീണു. അടുത്തു തന്നെ ഗില്ലും സെഞ്ചുറി പൂര്‍ത്തിയാക്കി മടങ്ങി.

ശ്രേയസ് അയ്യര്‍ 90 പന്തില്‍ നിന്ന് 105 റണ്‍സും ഗില്‍ 97 പന്തില്‍ നിന്ന് 104 റണ്‍സും നേടി. 11 ബൗണ്ടറികളും മൂന്നു സിക്‌സുകളും അയ്യരുടെ ഇന്നിംഗ്‌സിനു ചാരുതയേകിയപ്പോള്‍ 6 ബൗണ്ടറികളും 4 സിക്‌സുകളും ഗില്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു.

നേരിട്ട രണ്ടാം പന്തു തന്നെ ഗ്യാലറിയെത്തിച്ച് നായകന്‍ കെഎല്‍ രാഹുല്‍ നയം വ്യക്തമാക്കി. കെഎല്‍ രാഹുല്‍ 38 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സുകളും ബൗണ്ടറികളുമായി അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ അവസാന ഓവറുകളില്‍ ആളിക്കത്തിയ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. ആറു പടുകൂറ്റന്‍ സിക്‌സുകളും ആറു ബൗണ്ടറികളും സൂര്യയുടെ ഇന്നിംഗ്‌സിനു ചാരുതയേകി.

ഒമ്പതു പന്തില്‍ നിന്ന് 13 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. 18 പന്തില്‍ നിന്നു 31 റണ്‍സ് (2x4, 2x6) നേടി ഇഷാന്‍ കിഷനും തന്റേതായ സംഭാവന നല്‍കി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2013ല്‍ ബെംഗളൂരുവില്‍ കുറിച്ച ആറു വിക്കറ്റിന് 383 റണ്‍സെന്ന റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യ പഴങ്കഥയാക്കിയത്. 350നു മുകളില്‍ ഇന്ത്യയുടെ ഏഴാമത്തെ സ്‌കോറാണിത്.

നിലവില്‍ 2011ല്‍ ഇതേ വേദിയില്‍ നേടിയ 418 ആണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍. വീരേന്ദര്‍ സേവാഗിന്റെ ഇരട്ടസെഞ്ചുറി (219) മികവില്‍ അന്ന് വെസ്റ്റ് ഇന്‍ഡീസിനെ 153 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ ചൂട് ഏറ്റവും അറിഞ്ഞത് കാമറൂണ്‍ ഗ്രീന്‍ ആണ്. പത്തോവറില്‍ 103 റണ്‍സാണ് ഗ്രീന്‍ വഴങ്ങിയത്. സീന്‍ ആബട്ട് 91 റണ്‍സും വിട്ടുനല്‍കി. ഏറ്റവും ഇക്കോണമിയില്‍ പന്തെറിഞ്ഞ ജോഷ് ഹെയ്‌സല്‍വുഡ് പത്തോവറില്‍ 62 റണ്‍സ് വിട്ടുനല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.