മുതിര്‍ന്ന താരങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ ആരെ മാറ്റും? അവസരം മുതലാക്കി യുവതാരങ്ങള്‍

മുതിര്‍ന്ന താരങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ ആരെ മാറ്റും? അവസരം മുതലാക്കി യുവതാരങ്ങള്‍

സെപ്റ്റംബര്‍ 27ാം തീയതി നടക്കുന്ന മൂന്നാം ഏകദിനത്തില്‍ സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീം ഇന്ത്യയോടൊപ്പം ചേരുമ്പോള്‍ ആരെ പുറത്തിരുത്തുമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. റണ്ടാം ഏകദിനത്തില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുംറയും ടീമില്‍ മടങ്ങിയെത്തുമെന്നാണ് സൂചന.

ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് പരമ്പര ഉറപ്പാക്കിയ ഇന്ത്യയ്ക്ക് ലോകകപ്പിനു മുമ്പായുള്ള അവസാന ഏകദിന മല്‍സരമാണ് ഇത്. അതുകൊണ്ടു തന്നെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് നായകന്റെയും കോച്ചിന്റെയും തീരുമാനമെങ്കില്‍ യുവതാരങ്ങള്‍ക്ക് അവസരം ഉണ്ടാവില്ല.

മറിച്ച് സീനിയര്‍ താരങ്ങള്‍ക്ക് ഒരിക്കല്‍കൂടെ വിശ്രമം അനുവദിച്ച് ലോകകപ്പിനു മുന്നോടിയായി യുവതാരങ്ങള്‍ക്ക് നല്ലൊരു അവസരം കുടെ നല്‍കാന്‍ തീരുമാനിക്കാനും സാധ്യതയുണ്ട്. ഈ പരമ്പരയില്‍ അവസരം ലഭിച്ച താരങ്ങളില്‍ തിലക് വര്‍മ ഒഴികെ ബാക്കിയെല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്.

ആദ്യ മല്‍സരത്തില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ ഗെയ്ക് വാദിന് പക്ഷേ രണ്ടാം മല്‍സരത്തില്‍ തിളങ്ങാനായില്ല. ആദ്യ മല്‍സരത്തില്‍ റണ്ണൗട്ടായ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി താന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് തെളിയിച്ചിട്ടുണ്ട്.

രണ്ടു മല്‍സരത്തിലും അര്‍ധസെഞ്ചുറി കണ്ടെത്തിയ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും ലോകകപ്പിനു താന്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. ടി20യില്‍ മാത്രമല്ല ഏകദിനത്തിലും താന്‍ അപകടകാരിയാണെന്നു തെളിയിച്ച സൂര്യകുമാറിനും അടുത്ത മല്‍സരത്തില്‍ ടീമില്‍ സ്ഥാനം നല്‍കിയാല്‍ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്നതാണ് പ്രശ്‌നം.

കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റേന്തിയ ശ്രേയസ് സെഞ്ചുറി കുറിച്ചുവെങ്കിലും കോലി വരുന്നതോടെ തന്റെ പതിവു നാലാം നമ്പറിലേക്കു മാറേണ്ടി വരും. അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുല്‍ എത്താനാണ് സാധ്യത.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ രാഹുല്‍ ഓപ്പണര്‍ എന്ന നിലയിലും മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ട് തന്നെ ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. രോഹിത് ശര്‍മ മടങ്ങിയെത്തുന്നതോടെ ഗെയ്ക് വാദിന് അന്തിമ 11ല്‍ സ്ഥാനം ഉറപ്പില്ല. റിസര്‍വ് കീപ്പറായുള്ള ഇഷാന്‍ കിഷനും ബാറ്റിംഗില്‍ മികവ് തെളിയിച്ചെങ്കിലും രാഹുല്‍ കളിക്കുന്നതിനാല്‍ ടീമില്‍ സ്ഥാനമുണ്ടാവില്ല.

പാണ്ഡ്യ മടങ്ങിയെത്തുന്നതോടെ കാര്യമായി ശോഭിക്കാന്‍ കഴിയാതെ പോയ ശര്‍ദുല്‍ ഠാക്കൂറിനു പുറത്തേക്കുള്ള വഴി തെളിയും. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ മടങ്ങിയെത്തുന്നതോടെ പ്രസിദ് കൃഷ്ണ പുറത്താകും. എന്നാല്‍ ആദ്യ മല്‍സരത്തില്‍ നേടിയ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഷമി തന്റെ ഫോം തെളിയിച്ചിട്ടുണ്ട്.

ഏഷ്യാകപ്പ് ചാമ്പ്യന്‍ഷിപ്പിലെയും പ്രത്യേകിച്ചു ഫൈനലിലെ സ്വപ്‌നതുല്യമായ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഐസിസിയുടെ മികച്ച അന്താരാഷ്ട്ര ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ തലപ്പത്തെത്തിയ സിറാജിനു മൂന്നാം മല്‍സരത്തിലും വിശ്രമം അനുവദിച്ചേക്കാം. ബുംറയ്ക്കും ഒരു കളി കൂടെ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്.

അല്ലെങ്കില്‍ മൂന്നു പേസര്‍മാരുമായി ഇന്ത്യ കളിക്കാനും സാധ്യതയുണ്ട്. എന്നാല്‍ പൊതുവേ സ്പിന്നിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ അധിക പേസര്‍ ചിലപ്പോള്‍ ബാധ്യതയായി മാറാനും സാധ്യതയുണ്ട്.

എന്തായാലും ടീമംഗങ്ങളുടെ മികച്ച ഫോം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.