കവേരി നദീജല തര്‍ക്കം: ബംഗളൂരു ബന്ദിനിടെ തമിഴ്നാട്ടിലും പ്രതിഷേധം

കവേരി നദീജല തര്‍ക്കം: ബംഗളൂരു ബന്ദിനിടെ തമിഴ്നാട്ടിലും പ്രതിഷേധം

ചെന്നൈ: കവേരി നദീജല തര്‍ക്കത്തില്‍ ബംഗളൂരുവില്‍ ബന്ദ് തുടരുന്നതിനിടെ തമിഴ്നാട്ടിലും പ്രതിഷേധവുമായി കര്‍ഷകര്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ വായില്‍ ചത്ത എലിയെ തിരുകിയാണ് പ്രതിഷേധം അറിയിച്ചത്. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരേ കര്‍ഷക, കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബംഗളൂരു ബന്ദ് പുരോഗമിക്കുകയാണ്. ബി.ജെ.പിയും ജെ.ഡി.എസും പിന്തുണ പ്രഖ്യാപിച്ച ബന്ദ് തടയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.

കാവേരി തടത്തിലെ നിലവിലെ വിള നശിക്കാതിരിക്കാന്‍ കര്‍ണാടകം കൂടുതല്‍ വെള്ളം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതേ കര്‍ഷകര്‍ കൈയില്‍ മണ്‍ചട്ടിയേന്തി പ്രതിഷേധിച്ചിരുന്നു. അര്‍ധ നഗ്‌നരായി മണ്‍ ചട്ടി കൈയിലേന്തിയായിരുന്നു അയ്യക്കണ്ണന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ തിങ്കളാഴ്ച പ്രതിഷേധിച്ചത്. അതേസമയം മറീന ബീച്ചില്‍ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷക നേതാവ് പി.ആര്‍ പാണ്ഡ്യനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തഞ്ചാവൂരില്‍ കര്‍ഷകര്‍ റോഡ് ഉപരോധവും നടത്തി.

സുപ്രീം കോടതിയുടെ 2018-ലെ വിധിയനുസരിച്ച് തമിഴ്‌നാടിന് അര്‍ഹമായ കാവേരി നദീജലം വിട്ടുനല്‍കാന്‍ കര്‍ണാടകത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കാലവര്‍ഷം കുറവായത് കാരണം ജലക്ഷാമം രൂക്ഷമാണെന്നും തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ വെള്ളമില്ലെന്നുമാണ് കര്‍ണാടകത്തിന്റെ നിലപാട്.

തമിഴ്‌നാടിന് പ്രതിദിനം 5000 ക്യുസെക്സ് വെള്ളം നല്‍കണമെന്നാണ് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ്. അത് 7200 ക്യുസെക്‌സ് ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.