പാടത്ത് കണ്ടെത്തിയ മൃതദേഹങ്ങള്‍ പൊലീസിനെ ഭയന്ന് ഓടിയ യുവാക്കളുടെതെന്ന് സൂചന; കുഴിച്ചിട്ടുവെന്ന് സമ്മതിച്ച് സ്ഥലമുടമ

പാടത്ത് കണ്ടെത്തിയ മൃതദേഹങ്ങള്‍ പൊലീസിനെ ഭയന്ന് ഓടിയ യുവാക്കളുടെതെന്ന് സൂചന; കുഴിച്ചിട്ടുവെന്ന് സമ്മതിച്ച് സ്ഥലമുടമ

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സതീഷ്, ഷിജിത്ത് എന്നീ യുവാക്കളാണ് മരിച്ചതെന്നാണ് വിവരം.

കരിങ്കരപ്പുള്ളിയ്ക്കടുത്ത് വെനേലി ഭാഗത്ത് അടിപിടിക്കേസില്‍ നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതില്‍ രണ്ടുപേരുടെ മൃതദേഹങ്ങളാണ് പാടശേഖരത്ത് നിന്ന് കണ്ടെത്തിയതെന്നാണ് സൂചന.

അടിപിടിക്കേസില്‍ പ്രതികളായ നാല് യുവാക്കളില്‍ രണ്ടുപേര്‍ കരിങ്കരപ്പുള്ളിയില്‍ ഒരു ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നാല് യുവാക്കളും പ്രദേശത്ത് ഉണ്ടായിരുന്നു.

ഇവരെ തിരഞ്ഞ് പൊലീസെത്തിയപ്പോള്‍ യുവാക്കള്‍ രണ്ട് വഴികളിലായി ഓടി. ഇതിനിടെ രണ്ടുപേര്‍ വൈദ്യുതി കെണിയില്‍ അകപ്പെട്ട് മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. പിറ്റേ ദിവസവും സുഹൃത്തുക്കളെ കാണാതായപ്പോള്‍ ഓടിയ യുവാക്കളില്‍ രണ്ടുപേര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെയാണ് പാടത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ കാണുന്നത്.

പന്നിശല്യം രൂക്ഷമായതിനാല്‍ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായി സ്ഥലമുടമ അനന്ദ് കുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റപ്പോള്‍ പാടത്ത് മൃതദേഹങ്ങള്‍ കണ്ടുവെന്നും പരിഭ്രാന്തനായി താന്‍ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ പൊലീസിനോട് പറഞ്ഞത്.

അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവുകയുള്ളൂവെന്നും കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.