സാങ്കേതിക സര്‍വകലാശാല; ഓംബുഡ്സ്മാന്‍ നിയമനം റദ്ദാക്കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

സാങ്കേതിക സര്‍വകലാശാല; ഓംബുഡ്സ്മാന്‍ നിയമനം റദ്ദാക്കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഓംബുഡ്സ്മാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെര്‍ച്ച് കമ്മിറ്റി തയാറാക്കിയ പാനലിലില്ലാത്ത കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ധര്‍മ്മരാജ് അടാട്ടിനെ ഗവര്‍ണറുടെ അനുമതി കൂടാതെ സിന്‍ഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദമാകുന്നു.

യൂണിവേഴ്സിറ്റി ട്രിബൂണലിനെ നിയമിക്കുന്നതിന് സമാനമായി ഗവര്‍ണര്‍ തന്നെ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ധര്‍മ്മരാജ് അടാട്ടിന്റെ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

മന്ത്രി എം.ബി.രാജേഷിന്റെ ഭാര്യക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ റാങ്ക് പട്ടിക ശീര്‍ഷാനം ചെയ്യിച്ച് അസിസ്റ്റന്റ് പ്രഫസര്‍ നിയമനം നല്‍കിയാതായി ആരോപിക്കപ്പെട്ട മുന്‍ വിസിയെ, എന്‍ജിനിയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍മാരെയും പ്രഫസര്‍മാരെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തയാറാക്കിയ സെര്‍ച്ച് കമ്മിറ്റിയുടെ പാനല്‍ തള്ളിക്കളഞ്ഞാണ് നിയമിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ആരോപിച്ചു.

സര്‍ക്കാര്‍ തയാറാക്കിയ പാനലില്‍ ധര്‍മ്മരാജ് അടാട്ട് ഉള്‍പ്പെട്ടിരുന്നില്ല. ഓംബുഡ്സ്മാനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വീജ്ഞാപന പ്രകാരം അപേക്ഷകരായ 20 പേരില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ സെര്‍ച്ച് കമ്മിറ്റിയാണ് അര്‍ഹരായവരുടെ പാനല്‍ തയ്യാറാക്കിയത്.

യുജിസിയുടെയും എഐസിടിഇയുടെയും റെഗുലേഷന്‍ പ്രകാരം എല്ലാ സര്‍വകലാശാലകളിലും വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് വ്യവസ്ഥയുണ്ട്.

മൂന്നു വര്‍ഷമാണ് ഓംബുഡ്സ്മാന്റെ കാലാവധി. സര്‍വകലാശാലകളിലെയും അതിനു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേയും വിദ്യാര്‍ഥി പ്രവേശനം, അനധികൃത ഫീസ് പിരിവ്, സ്‌കോളര്‍ഷിപ് വിതരണം, പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയത്തിലെ വീഴ്ച, സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം തുടങ്ങിയവയിലെ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ചുമതലയാണ് ഓംബുഡ്സ്മാനുള്ളത്.

മുന്‍ വിസിമാരെയോ 10 പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ പ്രഫസര്‍മാരേയോയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്. ശാസ്ത്ര സാങ്കേതിക വിഷയവുമായി ബന്ധമില്ലാത്ത, സംസ്‌കൃത പ്രഫസറെ കെ.ടി.യു വിന്റെ ഓംബുഡ്‌സ്മാനായി നിയമിച്ചത് നീതിയുക്തമല്ലെന്നും, സര്‍വകലാശാല അധികൃതര്‍ക്ക് എതിരായ പരാതികളിലും തീര്‍പ്പ് കല്‍പ്പിക്കേണ്ട ഓംബുഡ്സ്മാനെ ഗവര്‍ണര്‍ അറിയാതെ സിന്‍ഡിക്കേറ്റ് തന്നെ നിയമിച്ച നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.

കൂടാതെ വിവാദങ്ങളില്‍ ഉള്‍പെടാത്ത ശാസ്ത്ര സാങ്കേതിക മേഖലയിലെ മുതിര്‍ന്ന അക്കാദമിഷ്യനെ ഓംബുഡ്സ്മാനായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.