ഇസ്രായേല്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് അമേരിക്ക

ഇസ്രായേല്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇസ്രായേല്‍ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ബൈഡന്‍ ഭരണകൂടം. ഇസ്രായേല്‍ സ്വദേശികള്‍ക്കും യുഎസ് പൗരന്മാര്‍ക്കും വിസയില്ലാതെ പരസ്പരം ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന വിസ രഹിത പ്രോഗ്രാമിനാണ് അമേരിക്ക അംഗീകാരം നല്‍കിയത്.

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം.
നവംബര്‍ 30 ആകുമ്പോഴേക്കും ഇസ്രായേലി പൗരന്മാര്‍ക്ക് വിസയില്ലാതെ യുഎസില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. പദ്ധതി പ്രകാരം 90 ദിവസം വരെ ഇസ്രായേലി പൗരന്മാര്‍ക്ക് അമേരിക്കയില്‍ താമസിക്കാം.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് വിസ രഹിത പ്രോഗ്രാം നിയന്ത്രിക്കുന്നത്. നിലവില്‍ 40 യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ മൂന്ന് മാസത്തേക്ക് യുഎസിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.

ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലഹാന്‍ഡ്രോ മയോര്‍ക്കസാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനില്‍ നിന്ന് ഇസ്രായേലിനെ പ്രവേശിപ്പിക്കാനുള്ള ശിപാര്‍ശ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പലസ്തീനിലെ അമേരിക്കക്കാരോട് ഇസ്രായേല്‍ സര്‍ക്കാരിന്റെ സമീപനം സംബന്ധിച്ച് വൈറ്റ് ഹൗസ് നിരന്തരം ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇതുകാരണമാണ് ഇസ്രായേല്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം യുഎസ് ഇതുവരെ തടഞ്ഞിരുന്നത്. പുതിയ പ്രഖ്യാപനത്തിലൂടെ, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ പലസ്തീന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പ്രയാസം നേരിടുന്ന  അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കും - ബ്ലിങ്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.