പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളില്‍ 50ലേറെ മരണം

പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളില്‍ 50ലേറെ മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ മദീന മോസ്‌കിലാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ, ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

മസ്തുങ് പൊലീസ് ഡിഎസ്പി നവാസ് ഗാഷ്‌കോരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നബിദിന റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അദ്ദേഹം. നവാസ് ഗാഷ്‌കോരിയുടെ വാഹനത്തിന് സമീപമാണ് സ്‌പോടനമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് സര്‍ക്കാരിനെതിരെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. 'ഭീകര സംഘടനകള്‍' നടത്തിയ സ്‌ഫോടനമാണിതെന്ന് പാകിസ്താന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ബലൂചിസ്ഥാനു പിന്നാലെ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മണിക്കൂറുകളുടെ ഇടവേളയിലാണ് രണ്ടാം സ്ഫോടനമുണ്ടായത്. ബലൂചിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ഖൈബര്‍ പഖ്തൂന്‍ഖ്വ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.