മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഭീകരനുമായ ഹാഫിസ് സഈദിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി അഭ്യൂഹം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഭീകരനുമായ ഹാഫിസ് സഈദിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി അഭ്യൂഹം

പെഷവാര്‍: മുംബൈ 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ നേതാവുമായ ഹാഫിസ് സഈദിന്റെ മകന്‍ കമാലുദ്ദീന്‍ സഈദ് കൊല്ലപ്പെട്ടതായി അഭ്യൂഹം. കമാലുദ്ദീന്‍ സഈദിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപണം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പാകിസ്ഥാനിലെ പെഷവാറില്‍ കമാലുദ്ദീന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് പ്രചാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

കാറിലെത്തിയ ഒരു സംഘം പെഷവാറില്‍നിന്ന് 27 നാണ് കമാലുദ്ദീന്‍ സഈദിനെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായ പീഡനത്തിന് ഇരയാക്കിയാണ് കമാലുദ്ദീനെ കൊലപ്പെടുത്തിയതെന്നും, മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും വലിയ ചതവുകള്‍ കാണുന്നുണ്ടെന്നും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കമാലുദ്ദീന്‍ സഈദിനെ കാണാതായതായി നേരത്തേയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ ലക്ഷ്യം എന്താണെന്നോ ഉള്ള കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. കമാലുദ്ദീന്‍ സഈദിനെ കണ്ടെത്താന്‍ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് കഴിഞ്ഞില്ലെന്നും പാകിസ്താനിലെ ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ മണ്ണില്‍ നടന്ന സംഭവം സൈന്യത്തെയും ഐഎസ്‌ഐയെയും ഞെട്ടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറിലെത്തിയ അജ്ഞാതസംഘം കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയത്.

നിരവധി ലഷ്‌കര്‍-ഇ-ത്വയ്ബ പ്രവര്‍ത്തകരുടെ ദുരൂഹ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കമാലുദ്ദീന്റെ തിരോധാനം. ലഷ്‌കര്‍ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ കൊലപതകങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് ഐഎസ്ഐ ഇക്കാര്യങ്ങള്‍ വീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘടനയിലെ പുരോഹിതനായ മൗലാന സിയാവുര്‍ റഹ്‌മാന്‍ കറാച്ചിയിലെ ഗുലിസ്ഥാന്‍-ഇ-ജൗഹറില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. പിന്നാലെ സുരക്ഷാ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ ഒരു ഡസനിലധികം ലഷ്‌കര്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ഐഎസ്ഐ സുരക്ഷിതകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പാര്‍ക്കില്‍ സായാഹ്ന സവാരി നടത്തുന്നതിനിടെയാണ് അജ്ഞാതരായ രണ്ട് പേര്‍ മൗലാന സിയാവുര്‍ റഹ്‌മാന് നേരെ നിരവധി തവണ വെടിയുതിര്‍ത്തത്. സെപ്റ്റംബറില്‍ മാത്രം നടന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ കൊലപാതകമാണിത്. ഈ കൊലപാതകത്തിന് പിന്നാലെ ലഷ്‌കറിന്റെ രണ്ടാം കമാന്‍ഡറായ കമാലുദ്ദീന്റെ സഹോദരന്‍ തല്‍ഹയുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ഭീകര ഓപ്പറേഷനുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് തല്‍ഹയാണ്. 2019 ല്‍ ലാഹോറില്‍ വച്ച് തല്‍ഹയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍നിന്ന് അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

തല്‍ഹയെ ഹാഫിസ് സഈദിന്റെ പിന്‍ഗാമിയായി ഉയര്‍ത്തിയതും ലഷ്‌കറിന്റെ സാമ്പത്തിക കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിയന്ത്രണം വന്നതും ചില ലഷ്‌കര്‍-ഇ-ത്വയ്ബ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ സംഘടനക്കുള്ളില്‍ ആഭ്യന്തര കലാപം നടന്നതായും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഐഎസ്ഐയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് കമാലുദ്ദീനെ മാറ്റിയിരിക്കാമെന്നാണ് കരുതുന്നതെന്നും ഇന്ത്യയിലെ ഉറവിടങ്ങള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.