234 വര്‍ഷത്തെ ചരിത്രത്തിലാദ്യം; അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ പുറത്താക്കി

234 വര്‍ഷത്തെ ചരിത്രത്തിലാദ്യം; അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഡെമോക്രാറ്റ് അംഗങ്ങളുമായുള്ള കെവിന്‍ മെക്കാര്‍ത്തിയുടെ സഹകരണമാണ് സ്പീക്കര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ കാരണമായത്. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്.

അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ 55-ാം സ്പീക്കറായി മക്കാര്‍ത്തി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് ജനപ്രതിനിധിസഭ സ്പീക്കറുടേത്.

സര്‍ക്കാരിന്റെ അടിയന്തര ഫണ്ടിങ് ബില്‍ പാസാക്കുന്നതിന് ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതാണ് മക്കാര്‍ത്തിക്കെതിരേയുള്ള അതൃപ്തിക്കു കാരണം. സ്പീക്കറുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെയാണ് മക്കാര്‍ത്തിക്കെതിരെ പ്രമേയം കൊണ്ടുവന്നത്. 216 പേര്‍ മക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 210 പേര്‍ എതിര്‍ത്തു. ഇനി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെവിന്‍ മക്കാര്‍ത്തി വ്യക്തമാക്കി.

2019 മുതല്‍ അമേരിക്കന്‍ പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്മാരുടെ നേതാവായിരുന്നു മക്കാര്‍ത്തി. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി സ്ഥാനം ഒഴിഞ്ഞതോടെ മക്കാര്‍ത്തി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അതേസമയം, മക്കാര്‍ത്തി പുറത്തായതോടെ നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്ഹെൻറിയാണ് താല്‍കാലികമായി സഭയെ നയിക്കുന്നത്. മക്കാര്‍ത്തിയുടെ സഖ്യകക്ഷികളില്‍ ഒരാളായ മക്ഹെൻറി സ്പീക്കര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ സംബന്ധിച്ച് പ്രോ ടേം സ്പീക്കര്‍ക്ക് വളരെ കുറഞ്ഞ അധികാരങ്ങളാണുള്ളത്. എന്നാല്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ പാട്രിക് മക്ഹെൻറി അധ്യക്ഷനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.