ഗാങ്ടോക്: വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികര്‍ ഉള്‍പ്പടെ 82 പേരെ കാണാതായി. കാണാതായവരില്‍ ഒരു സൈനികനെ രക്ഷപെടുത്തി.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച പെരുമഴ മണിക്കൂറുകളോളം നീണ്ടു. ചുങ്താങിനും റാങ്‌പോയ്ക്കുമിടയില്‍ ആറ് പാലങ്ങള്‍ ഒലിച്ചുപോയി. സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10 ന്റെ ചില ഭാഗങ്ങള്‍ പാടെ തകര്‍ന്നു. ഇതോടെ സംസ്ഥാനം ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.
ശക്തമായ മഴയും ഹിമപാളികള്‍ ഉരുകിയൊഴുകിയതുമാണ് ദുരന്ത കാരണമെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി (എന്‍.ഡി.എം.എ) അറിയിച്ചു. നേപ്പാളിലെ ഭൂകമ്പവും ദുരന്ത കാരണമായോ എന്ന് സംശയിക്കുന്നതായി കേന്ദ്ര ജല കമ്മീഷന്‍ പറഞ്ഞു. സിക്കിമില്‍ 25 നദികള്‍ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പുണ്ട്.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഗോലിറ്റാര്‍, സിങ്തം മേഖലകളില്‍ നിന്നാണ് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വടക്കന്‍ ബംഗാളില്‍ ഒലിച്ചെത്തിയ നിലയിലായിരുന്നു.
ലാചന്‍ താഴ്‌വരയിലെ താല്‍കാലിക സൈനിക ക്യാമ്പും അനുബന്ധ കെട്ടിടങ്ങളും തകര്‍ന്നു. ഇവിടെ നിന്നാണ് 22 സൈനികരെ കാണാതായത്. സിങ്തമിനടുത്ത് ബര്‍ദാങില്‍ നിര്‍ത്തിയിട്ടിരുന്ന 41 കരസേനാ വാഹനങ്ങള്‍ ചെളിയില്‍ മുങ്ങിപ്പോവുകയും ഒലിച്ചു പോവുകയും ചെയ്തു.
ചുങ്താങ് അണക്കെട്ടില്‍ നിന്നുള്ള കുത്തിയൊഴുക്കില്‍ ജലനിരപ്പ് 15-20 അടിവരെ ഉയര്‍ന്നതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണല്‍ മഹേന്ദ്ര റാവത്ത് പറഞ്ഞു. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മഴയും കാറ്റും തുടരുന്നത് തടസമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി സിക്കിം മുഖ്യമന്ത്രി പി.എസ് തമാങ്ങിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി കെടുതി രൂക്ഷമായ സിങ്തം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സിക്കിമിലെങ്ങും അതിജാഗ്രതയ്ക്ക് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രകൃതിക്ഷോഭം വന്‍ദുരന്തമായി പ്രഖ്യാപിച്ച് വിജ്ഞാപനവുമിറക്കി.
തലസ്ഥാനമായ ഗാങ്‌ടോക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സിങ്ടാമിലെ ഇന്ദ്രേനി ഉരുക്കുപാലം പൂര്‍ണമായും ടീസ്റ്റാ നദിയില്‍ ഒലിച്ചുപോയി. ബല്വാതാറിലെയും ലാന്‍കോ ജലവൈദ്യുത പദ്ധതിയിലെയും രണ്ട് പാലങ്ങളും തകര്‍ന്നവയിലുള്‍പ്പെടുന്നു. മംഗാന്‍, പാക്യോങ്, ഗാങ്‌ടോക്ക് ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം.
ടീസ്റ്റാ തടത്തില്‍ സ്ഥിതി ചെയ്യുന്ന ദിക്ച്ചു, സിങ്തം, രംഗ്പോ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളും വെള്ളക്കെട്ടിലാണ്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പതിനായിരങ്ങളാണ് അഭയാര്‍ഥികളായത്. ഇവരെ പാര്‍പ്പിക്കാനായി ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. പ്രളയക്കെടുതി നേരിടുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എട്ടുവരെ അവധി നല്‍കി.
ടീസ്റ്റാ നദിയിലെ ജലനിരപ്പ് ഉയരാനിടയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് ഈ നദിയൊഴുകുന്ന വടക്കന്‍ ബംഗാളിലെയും ബംഗ്ലാദേശിലെയും ചില ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ ടീസ്റ്റാ നദീതടത്തില്‍ നിന്ന് പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.