ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട: ഇന്ത്യക്ക് 20-ാം സ്വര്‍ണം; ദീപിക-ഹരീന്ദര്‍ സഖ്യത്തിന് വിജയം, എച്ച്.എസ് പ്രണോയ് സെമിയില്‍

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട: ഇന്ത്യക്ക് 20-ാം സ്വര്‍ണം; ദീപിക-ഹരീന്ദര്‍ സഖ്യത്തിന് വിജയം, എച്ച്.എസ് പ്രണോയ് സെമിയില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപതാം സ്വര്‍ണം. ഗെയിംസിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. സ്‌ക്വാഷ് മിക്സഡ് ടീമിനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം.

ദീപിക പള്ളിക്കല്‍-ഹരിന്ദര്‍ സിങ് പാല്‍ സഖ്യം ഫൈനലില്‍ മലേഷ്യയെ തോല്‍പ്പിക്കുകയായിരുന്നു. രാവിലെ അമ്പെയ്ത്ത് വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ചൈനയെ തോല്‍പ്പിച്ചാണ് അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ചൈനയെ തോല്‍പ്പിച്ചത്.

ബാഡ്മിന്റണില്‍ എച്ച്.എസ് പ്രണോയ് മെഡല്‍ ഉറപ്പിച്ചു. ക്വര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യന്‍ താരത്തെ മൂന്ന് ഗെയിം പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സെമി ഉറപ്പാക്കിയത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്നലെ ഇന്ത്യ വന്‍ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന്‍ ടീം നേടി. നേരത്തേ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സ്വര്‍ണം നേടിയിരുന്നു.

മേളയുടെ പതിനൊന്നാം ദിനമായ ഇന്നലെ മെഡല്‍ നേട്ടത്തില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. ജാവലിനില്‍ നീരജ് ചോപ്രയും പുരുഷ റിലേ ടീമും അമ്പെയ്ത്തുകാരും സ്വര്‍ണം നേടിയതോടെ ഏഷ്യന്‍ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡല്‍നേട്ടത്തിലെത്തി ഇന്ത്യ.

ജക്കാര്‍ത്തയില്‍ 16 സ്വര്‍ണം ഉള്‍പ്പെടെ 70 മെഡല്‍ നേടിയതായിരുന്നു ഇതുവരെ മികച്ച പ്രകടനം. അത്‌ലറ്റിക്‌സില്‍ ഇന്നലെ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി. രാവിലെ ജ്യോതി സുരേഖയും ഓജസ് പ്രവീണും ചേര്‍ന്ന സഖ്യം അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യ ജക്കാര്‍ത്തയിലെ നേട്ടം മറികടന്നത്. പിന്നീട് ബോക്‌സിങ്ങില്‍ ഒരു വെള്ളിയും വെങ്കലവും ലഭിച്ചു. സ്‌ക്വാഷിലും ഒരു വെങ്കലം ലഭിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.