മെൽബൺ: സെന്റ് അൽഫോൺസ കത്ത്രീഡൽ മെൽബൺ സീറോ മലബാർ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന മെഗാ ഷോ ഒക്ടോബർ ഏഴിന് വൈകിട്ട് 5.30 മുതൽ 9. 30 വരെ മെൽബൺ കോൾബേ കോളേജ് സ്റ്റേഡിയത്തിൽ നടക്കും. ഗായകൻ ബിജു നാരായണൻ, നടൻ കലാഭവൻ പ്രചോദ്, നർത്തകിയും നടിയുമായ ദേവി ചന്ദന, ഗായിക എലിസബത്ത് രാജു എന്നിവർ അവതരിപ്പിക്കുന്ന കലാവിരുന്ന് പരിപാടിക്ക് മിഴിവേകും.
വെങ്കലം എന്ന ചിത്രത്തിലെ പത്ത് വെളുപ്പിന് എന്ന ഗാനത്തിലൂടെ സിനിമ പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച ഗായകൻ ബിജു നാരായണൻ പുത്തൻ ഗാനങ്ങളുമായി ആസ്വാസദകരുടെ ഹൃദയം കീഴടക്കാനെത്തും.
അഭിനയ കലയിൽ നർമ്മ ഭാവങ്ങൾ രചിക്കുന്ന വെള്ളിത്തിരയിൽ ഇപ്പോളും തിളങ്ങി നിൽക്കുന്ന കലാഭവൻ പ്രചോദിന്റെ തകർപ്പൻ സ്കിറ്റുകൾ പരിപാടിക്ക് മികവേകും. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജു പ്രോഗ്രാമുകളിലൂടെയും നമ്മെ രസിപ്പിച്ച പ്രിയ താരം ദേവി ചന്ദന അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും ഷോയൊടൊപ്പം അരങ്ങേറും.
ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയമായ എലിസബത്ത് രാജുവും ഗാനങ്ങളിലൂടെ പ്രേക്ഷക മനം നിറയ്ക്കാനെത്തും. സൗണ്ട് ഡിസൈനിങിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള നിരവധി ഗാനങ്ങൾക്ക് സംഗീത സംവിധാനം ഒരുക്കിയ ജിന്റോ ജോണിന്റെ സാങ്കേതിക നേതൃത്വം ആസ്വാദകർക്ക് പുതു അനുഭവം സൃഷ്ടിക്കും.
നവ മാധ്യമ സംസ്കാരത്തിന് പുത്തൻ മാനങ്ങൾ നൽകിയ സിന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസാണ് മെഗാ ഷോ അണിയിച്ചൊരുക്കുന്നത്. മെൽബണിൽ കൂടാതെ മറ്റ് രണ്ട് സ്ഥലങ്ങളിൽക്കൂടെ മെഗാ ഷോ നടത്തപ്പെടും. ക്വീൻസ് ലാൻഡ് സംസ്ഥാനത്തിലെ കെയിൻസിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ എട്ടാം തീയതിയും ബ്രിസ്ബണിലെ സിറ്റിപോയിന്റ് കോളേജിൽ പതിനാലാം തീയതിയുമാണ് മെഗാ ഷോ അരങ്ങേറുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.