പെര്‍ത്തില്‍ വരുന്നു ലോകത്തിലെ ഏറ്റവും വലിയ തടിക്കെട്ടിടം; 50 നില, ഉയരം 627 അടി

പെര്‍ത്തില്‍ വരുന്നു ലോകത്തിലെ ഏറ്റവും വലിയ തടിക്കെട്ടിടം; 50 നില, ഉയരം 627 അടി

പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം നിര്‍മിക്കാനൊരുങ്ങി ഓസ്ട്രേലിയ. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് 627 അടി ഉയരമുള്ള 'ഹൈബ്രിഡ്' ടവര്‍ നിര്‍മിക്കുന്നത്. ഗ്രാഞ്ച് ഡവലപ്മെന്റ് എന്ന കമ്പനിയുടേതാണു പദ്ധതി. പെര്‍ത്തിലെ ഡവലപ്മെന്റ് അസസ്മെന്റ് പാനല്‍ അധികൃതരാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

സി 6 ബില്‍ഡിങ് എന്നാണ് തടിക്കെട്ടിടത്തിന് താല്‍ക്കാലികമായി നല്‍കിയ പേര്. പൂര്‍ണമായും തടികള്‍ ഉപയോഗിച്ചാവില്ല കെട്ടിടം നിര്‍മിക്കുന്നത്. എന്നാല്‍ 42% തടിയിലാകും നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടമായി സി6 മാറും.

50 നിലകളുള്ള ടവറില്‍ 200-ലധികം അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയിരിക്കും, ഇത് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആദ്യത്തെ കാര്‍ബണ്‍-നെഗറ്റീവ് റെസിഡന്‍ഷ്യല്‍ കെട്ടിടമായിരിക്കും. 600-ലധികം മരങ്ങളില്‍ നിന്നായി 7400 ക്യുബിക് മീറ്റര്‍ തടിയാകും കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുക. റൂഫ്ടോപ് ഗാര്‍ഡന്‍, അര്‍ബന്‍ ഫാം തുടങ്ങിയ സവിശേഷതകളുമുള്ളതാകും ഈ കെട്ടിടം.

നിലവില്‍ ഇത്തരത്തിലുള്ള ഏറ്റവും ഉയരമുള്ള കെട്ടിടം യു.എസിലെ വിസ്‌കോന്‍സിനിലെ അസന്റ് ടവറാണ്. 284 അടിയാണ് ഇതിന്റെ ഉയരം. ഈ കെട്ടിടത്തിന്റെ ഇരട്ടിയിലധികം പൊക്കമുണ്ടാകും പെര്‍ത്തില്‍ പണിയാന്‍ പോകുന്ന കെട്ടിടത്തിന്. തെക്കന്‍ പെര്‍ത്തിലെ ചാള്‍സ് സ്ട്രീറ്റിലാകും തടിക്കെട്ടിടം നിര്‍മിക്കുക.

അതേസമയം, സിഡ്നി നഗരത്തിലും ഒരു ഹൈബ്രിഡ് തടിക്കെട്ടിടം നിര്‍മിക്കുന്നുണ്ട്. 180 മീറ്ററാണ് ഇതിന്റെ ഉയരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.