ഗാസയ്ക്ക് മേല്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍: 313 പേര്‍ മരിച്ചു; ഹമാസിനെ പിന്തുണച്ച് ആക്രമണവുമായി ഹിസ്ബുള്ളയും

ഗാസയ്ക്ക് മേല്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍: 313 പേര്‍ മരിച്ചു; ഹമാസിനെ പിന്തുണച്ച് ആക്രമണവുമായി ഹിസ്ബുള്ളയും

ടെല്‍ അവീവ്: പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കുന്നു. ഹമാസ് നുഴഞ്ഞു കയറ്റക്കാരെ തുരത്താന്‍ യുദ്ധം തുടരുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു.

ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തു നിന്നും ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഹമാസ് കടന്നു കയറിയ 22 മേഖലകളെ മോചിപ്പിച്ചതായും സൈനിക വക്താവ് പറഞ്ഞു.

അതിനിടെ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുല്ല ഹമാസിന് പിന്തുണയുമായി ഇസ്രയേലിനെതിരായ ആക്രമണത്തില്‍ പങ്കു ചേര്‍ന്നു. ലെബനനില്‍ നിന്നും നിന്നും ഇസ്രയേല്‍ അധീന പ്രദേശങ്ങളിലേക്ക് മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ഉണ്ടായി.

വടക്കന്‍ ഇസ്രയേലിലെ ലെബനന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൗണ്ട് ഡോവ് മേഖലയിലെ മൂന്നു സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

ഹിസ്ബുല്ല ആക്രമണത്തിനെതിരെ ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഇപ്പോഴത്തെ യുദ്ധത്തില്‍ ഇടപെടരുതെന്ന് ലെബനന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഗാസ പിടിക്കുക ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കി. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ഖാന്‍ യൂനിസ് മോസ്‌ക് തകര്‍ന്നു. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണമുണ്ടായി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 313 പേര്‍ മരിച്ചു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ഹമാസ് നേതാക്കളെ പൂര്‍ണമായും വകവരുത്തുന്നത് വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ ഇസ്രയേല്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പോരാളികളെ രംഗത്തിറക്കിയതായി ഹമാസും വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെ ഗാസക്കുമേല്‍ ഇസ്രായേല്‍ ആരംഭിച്ച വ്യോമാക്രമണം കൂടുതല്‍ ശക്തമായി തുടരുകയാണ്. 450 ഇടങ്ങളില്‍ ആക്രമണം നടന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. സിവിലിയന്‍ കെട്ടിടങ്ങള്‍ പലതും ആക്രമണത്തില്‍ നിലംപൊത്തി.

ഹമാസിന്റെ ആക്രമണത്തില്‍ മരിച്ച ഇസ്രായേലികളുടെ എണ്ണം 300 കവിഞ്ഞിട്ടുണ്ട്. 1600 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ 318 പേരുടെ നില ഗുരുതരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.