രാഹുല്‍, കോലി മിന്നി; ഓസീസിനെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

രാഹുല്‍, കോലി മിന്നി; ഓസീസിനെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

ചെന്നൈ: ഓസീസിനെ ആദ്യ മല്‍സരത്തില്‍ പിടിച്ചുകെട്ടി ഇന്ത്യയ്ക്ക് ലോകകപ്പില്‍ വിജയത്തുടക്കം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 41.2 ഓവറില്‍ മറികടന്നു.

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ ആദ്യ രണ്ടോവറില്‍ തന്നെ ഓസ്‌ട്രേലിയ ഞെട്ടിച്ചു. ആദ്യ ഓവറില്‍ ഗില്ലിന്റെ അഭാവത്തില്‍ സ്ഥാനക്കയറ്റം നേടിയെത്തിയ കിഷനെ സ്റ്റാര്‍ക് മടക്കിയപ്പോള്‍ രണ്ടാം ഓവറില്‍ ഹെയ്‌സല്‍വുഡിന്റെ ഇരട്ടപ്രഹരത്തില്‍ നായകന്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും പവലിയനില്‍ മടങ്ങിയെത്തി. സ്‌കോര്‍ 3 വിക്കറ്റിന് 2 റണ്‍സ്.

തുടര്‍ന്ന് ക്രീസില്‍ നിലയുറപ്പിച്ച കോലിയും കെഎല്‍ രാഹുലും ശ്രദ്ധാപൂര്‍വം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 165 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ലംബുഷെയ്‌നു ക്യാച്ച് നല്‍കി കോലി മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. കോലി 85 റണ്‍സ് നേടി. കെഎല്‍ രാഹുല്‍ 97 റണ്‍സ് നേടി പുറത്താകാതെ നിന്നു. കെഎല്‍ രാഹുലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ALSO READ: ലോകകപ്പ് കിരീടത്തിനൊപ്പം റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് സൂപ്പര്‍ താരങ്ങള്‍: കാത്തിരിക്കുന്ന നേട്ടങ്ങള്‍ ഇവ

ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഹെയ്‌സല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക് ഒരു വിക്കറ്റും നേടി. ഇതോടെ സ്റ്റാര്‍ക് ലോകകപ്പില്‍ 50 വിക്കറ്റ് നേട്ടമെന്ന അപൂര്‍വ റെക്കോര്‍ഡും പൂര്‍ത്തിയാക്കി.

പതിനൊന്നാം തീയതി അഫ്ഗാനെ നേരിടുന്ന ഇന്ത്യ 14ാം തീയതി ബദ്ധവൈരികളായ പാകിസ്ഥാനെ 14ാം തീയതി നേരിടും. 12ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.