മൂന്നാം ഏകദിന ലോകകപ്പ് കിരീടം തേടിയുള്ള യാത്രയ്ക്ക് ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരത്തോടെ ആരംഭം കുറിക്കുകയാണ് ഇന്ത്യ. ഈ വര്‍ഷവും ഇന്ത്യക്ക് കപ്പടിക്കാനായാല്‍ അത് ചരിത്രനേട്ടമാകും. ആതിഥ്യമരുളുന്ന രണ്ട് ലോകകപ്പ് തുടര്‍ച്ചയായി ജയിക്കുകയെന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് ഇന്ത്യ നേടിയിരുന്നു. 2015ലും 2019ലും ആതിഥേയ ടീം തന്നെയാണ് കപ്പില്‍ മുത്തമിട്ടിരിക്കുന്നതെന്നത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
രാജ്യത്തിന്റെ കിരീടനേട്ടത്തിനൊപ്പം തന്നെ പല വ്യക്തിഗത നേട്ടങ്ങളും ഇന്ത്യന്‍ താരങ്ങളെ കാത്തിരിപ്പുണ്ട്. ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന ചില പ്രധാന നേട്ടങ്ങള്‍ അറിയാം.
വിരാട് കോലി
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ഒരു അസുലഭ റെക്കോര്‍ഡാണ്. സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ പിന്തളളാന്‍ വേണ്ടത് മൂന്നു സെഞ്ചുറികള്‍ മാത്രം. ഈ ലോകകപ്പില്‍ കോലി ആ നേട്ടത്തിലെത്തുമോ എന്നു മാത്രമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ നേട്ടം കൈവരിക്കാനായാല്‍ 50 ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും കോലിക്കു സ്വന്തമാകും. സച്ചിന്‍ ടെണ്ടുല്‍ക്കറിന് 49ഉം, കോലിക്ക് നിലവില്‍ 47 സെഞ്ചുറികളുമാണുള്ളത്.
രോഹിത് ശര്‍മ
സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് മറികടക്കാന്‍ രോഹിത് ശര്‍മയ്ക്കും അവസരമുണ്ട്. ആറു സെഞ്ചുറിയുമായി ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡിന് ഒപ്പമുള്ള രോഹിതിന് ഒരു സെഞ്ചുറി കൂടെ നേടാനായാല്‍ ഈ നേട്ടത്തിലെത്താം.
വ്യത്യസ്ത ലോകകപ്പുകളിലെ 45 മല്‍സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെങ്കില്‍ 17 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം.
സിക്‌സുകളുടെ രാജകുമാരാനാകാനുള്ള അവസരവും ഹിറ്റ്മാനെ കാത്തിരിക്കുന്നു. നിലവില്‍ 553 സിക്‌സുകള്‍ സ്വന്തം പേരിലുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ പിന്തള്ളാന്‍ മൂന്നു സിക്‌സുകള്‍ മാത്രമാണ് രോഹിത്തിനു വേണ്ടത്. ഇന്നത്തെ മല്‍സരത്തില്‍ അതു നേടുമോ എന്നതു മാത്രമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ശുഭ്മാന്‍ ഗില്‍
ഈ കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ മുന്‍പിലുള്ള ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് മറ്റൊരു സുവര്‍ണ നേട്ടമാണ്. 1229 റണ്‍സുമായി നിലവില്‍ ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗില്ലിന് 665 റണ്‍സ് കൂടെ നേടാനായാല്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ് എന്ന റെക്കോര്‍ഡു സ്വന്തമാക്കാം.
ഇവിടെയും തകര്‍ക്കപ്പെടുക സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡാണ്. 1998ല്‍ 34 മല്‍സരങ്ങളില്‍ നിന്നായി 1894 റണ്‍സ് സ്‌കോര്‍ ചെയ്ത സച്ചിന്റെ പേരിലുള്ള ഈ റെക്കോര്‍ഡിന് 25 വര്‍ഷം പഴക്കമുണ്ട്. അതായത് ഗില്‍ ജനിക്കും മുന്‍പുള്ള റെക്കോര്‍ഡു തകര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഗില്ലിനു മുന്നിലുള്ളത്.
മുഹമ്മദ് ഷമി
13 വിക്കറ്റുകള്‍ കൂടെ നേടാനായാല്‍ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം കരസ്ഥമാക്കാം. മുന്‍ പേസ് ബൗളര്‍മാരായ ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരാണ് ഈ ലിസ്റ്റില്‍ മുന്‍പിലുള്ളവര്‍. 44 വിക്കറ്റുകളാണ് ഇരുവരും നേടിയിട്ടുള്ളത്. സഹീര്‍ 23 മല്‍സരങ്ങളില്‍ നിന്നും ഇത്രയും വിക്കറ്റുകള്‍ നേടിയപ്പോള്‍ ശ്രീനാഥ് 34 മല്‍സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.
ലോകകപ്പിന്റെ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം സഹീര്‍ ഖാന്റെ പേരില്‍ ആണ്. 2011 ലോകകപ്പില്‍ സഹീര്‍ ഖാന്റെ 21 വിക്കറ്റ് നേട്ടമാണ് ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനം. ജസ്പ്രീത് ബുംറ, സഹീര്‍ ഖാന്‍, റോജര്‍ ബിന്നി എന്നിവര്‍ ഒരു ടൂര്‍ണമെന്റില്‍ 18 വിക്കറ്റ് നേടിയിട്ടുണ്ട്. സഹീര്‍ ഖാന്‍ 2003 ലോകകപ്പില്‍ 18 വിക്കറ്റ് കൈവരിച്ചെങ്കില്‍ 2019 ലോകകപ്പിലായിരുന്നു ബുംറയുടെ ഈ മാസ്മരിക പ്രകടനം. 1983 ലോകകപ്പിലാണ് ബിന്നി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ചുരുക്കത്തില്‍ കിരീട നേട്ടത്തിനൊപ്പം തന്നെ ചില വ്യക്തിഗത നേട്ടങ്ങള്‍ക്കും ഈ ലോകകപ്പ് വേദിയാകുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.