അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരത്തേക്ക്: പോര്‍ വിമാനങ്ങളും കൈമാറും; കരയുദ്ധത്തിനും ഒരുങ്ങി ഇസ്രയേല്‍

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരത്തേക്ക്: പോര്‍ വിമാനങ്ങളും കൈമാറും; കരയുദ്ധത്തിനും ഒരുങ്ങി ഇസ്രയേല്‍

ഹമാസ് ഐ.എസും അല്‍ ഖ്വയ്ദയും പോലെ ഭീകര സംഘടനയെന്ന് ഇസ്രയേല്‍. ഗാസയെ വിജന ദ്വീപാക്കുമെന്നും പ്രഖ്യാപനം.

ടെല്‍ അവീവ്: ഹമാസിനെതിരെ പേരാടുന്ന ഇസ്രയേല്‍ സൈന്യത്തിന് പിന്തുണയുമായി അമേരിക്ക. കരയുദ്ധത്തിനൊരുങ്ങുന്ന സൈനികര്‍ക്ക് ആത്മബലം നല്‍കുന്നതിനായി മേഖലയിലേക്ക് പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയക്കാന്‍ അമേരിക്ക തീരുമാനിച്ചു.

മെഡിറ്ററേനിയന്‍ കടലിലുള്ള യുദ്ധക്കപ്പലുകള്‍ ഇസ്രായേലിനോട് അടുത്ത് കിഴക്കന്‍ തീരത്തേക്ക് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും അദേഹം പറഞ്ഞു.

അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി ഓസ്റ്റിന്‍ അറിയിച്ചു. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണിത്. ഇതിന് പുറമെ ഒരു മിസൈല്‍ വാഹിനിയും നാല് മിസൈല്‍ നശീകരണികളും അയക്കും. അമേരിക്കന്‍ യുദ്ധ വിമാനങ്ങളായ എഫ് 35, എഫ് 15, എഫ് 16, എ 10 എന്നിവയും ഇസ്രയേലിന് കൈമാറും.


ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ മരണ സംഖ്യ വീണ്ടും ഉയരുകയാണ്. ഇരുഭാഗത്തു നിന്നുമായി ഇതുവരെ 1100 ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയെ വിജന ദ്വീപാക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.

ഇസ്രയേല്‍ സൈനിക കമാന്‍ഡര്‍ അടക്കം നിരവധി പേരെ ഹമാസ് ബന്ദികളാക്കി വച്ചിരിക്കുകയാണ്. നിരവധി അമേരിക്കന്‍ പൗരന്‍മാരും ബന്ദികളാക്കപ്പെട്ടവരിലുണ്ട്. തങ്ങളുടെ 12 പൗരന്മാര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി തായ്‌ലന്‍ഡ് അറിയിച്ചു.

പതിനൊന്ന് പേരെ തട്ടിക്കൊണ്ടുപോകുകയും ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തായ്‌ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പത്തോളം നേപ്പാളി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നേപ്പാള്‍ എംബസി അറിയിച്ചു. ഒരു കാനഡ പൗരന്‍ കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തു.

ശക്തവും നീണ്ടുനില്‍ക്കുന്നതുമായ യുദ്ധമുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. എണ്ണൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതേസമയം ഐ.എസും അല്‍ ഖ്വയ്ദയും പോലെയാണ് ഹമാസുമെന്ന് ഇസ്രയേല്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ യു.എന്നില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.