ന്യൂഡല്‍ഹി: മാസങ്ങള്‍ കഴിഞ്ഞിട്ടും സംഘര്‍ഷം അയയാതെ മണിപ്പൂര്‍. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യാ മുന്നണി. ഒരു ട്രെഞ്ചിനുള്ളില്‍ ഇറക്കി നിര്‍ത്തി ഗോത്രവര്‍ഗക്കാരനെ അഗ്‌നിക്കിരയാക്കുന്ന ദൃശ്യം പുറത്തു വന്ന പശ്ചാത്തലത്തിലാണ് വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ സഖ്യം രംഗത്തെത്തിയത്. സംഭവത്തെ നാണക്കേട് എന്നാണ് ഇന്ത്യാ സഖ്യം വിളിച്ചത്.
അതേസമയം ഇത് മെയ് ആദ്യം മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണെന്നും ഈ വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വീഡിയോയെ കേന്ദ്ര സര്‍ക്കാരിനെതിരേ ആയുധമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അയല്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ ദുഖം രേഖപ്പെടുത്തലുമായി പോകുന്ന പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങളില്‍ വന്‍ പരാജയമാണെന്ന് ഇന്ത്യാ നേതാക്കള്‍ പ്രതികരിച്ചു.
''ഇത് മണിപ്പൂരില്‍ നിന്നുള്ളതാണ്. കുക്കി ഗോത്രയുവാവിനെ മണിപ്പൂരില്‍ ജീവനോടെ കത്തിക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടന്നുപോകുന്നത് അങ്ങേയറ്റം ദുഖകരവും നാണക്കേടുമാണ്. അയല്‍ക്കാരുടെ കാര്യത്തില്‍ ദുഖം രേഖപ്പെടുത്തുന്ന മോഡി ജി മണിപ്പൂരിനെ രക്ഷിക്കുന്ന കാര്യത്തില്‍ വന്‍ പരാജയമാണ്. '' സംഭവത്തിന്റെ മറച്ചുവച്ച വീഡിയോ എക്സിലൂടെ പുറത്തുവിട്ടാണ് ഇന്ത്യ ഇക്കാര്യം വ്യക്തമക്കിയത്. ഞായറാഴ്ച മണിപ്പൂരിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും വീഡിയോ എത്തിയിരുന്നു.
കറുത്ത ടി ഷര്‍ട്ട് ധരിച്ച ഒരു യുവാവിനെ വീഡിയോയില്‍ കാണുന്നുണ്ട്. ട്രഞ്ചില്‍ ഒരു ട്രൗസറും കിടക്കുന്നുണ്ട്. തീകത്തുന്നയാളുടെ മുഖം കാണാന്‍ കഴിയാത്ത വിധം മറച്ചിട്ടുണ്ട്. ഇന്ത്യാ ബ്ളോക്കിലുള്ള ശിവസേനയുടെ പ്രിയങ്കാ ചതുര്‍വേദിയും വീഡിയോയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ''ഒരു ഗോത്ര മനുഷ്യന്റെ ശരീരം ട്രഞ്ചിലിട്ട് കത്തിക്കുന്നു. വീഡിയോ മെയ് മാസം പുറത്തുവന്നതാണെന്ന് പൊലീസുകാര്‍ പറയുന്നു. മണിപ്പൂരിലെ ദുരന്തങ്ങളൊന്നും രാജ്യം ഇതുവരെ വേണ്ടത്ര പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യുകയോ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചതുര്‍വേദി എക്സില്‍ കുറിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ മെയ്തി കൂക്കി വിഭാങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ മെയ് മുതല്‍ ആരംഭിച്ചതാണ്. മെയ്‌തേയി വിഭാഗത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. കിഴക്കന്‍ ഇംഫാലില്‍ നിയമവിരുദ്ധമായ കൂട്ടം ചേരലും റാലിയും ഘോഷയാത്ര, ഉച്ചഭാഷിണി ഉപയോഗം എന്നിവയെല്ലാം ഞായറാഴ്ച ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുതെന്ന് കര്‍ശന നിര്‍ദേശവും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.