ഭക്ഷണവും വെള്ളവും വൈദ്യുതിയും തടഞ്ഞ് ഗാസയെ വരിഞ്ഞു മുറുക്കി ഇസ്രയേല്‍; പ്രദേശം മുഴുവന്‍ തകര്‍ക്കുമെന്ന് നെതന്യാഹു

ഭക്ഷണവും വെള്ളവും വൈദ്യുതിയും തടഞ്ഞ് ഗാസയെ വരിഞ്ഞു മുറുക്കി ഇസ്രയേല്‍; പ്രദേശം മുഴുവന്‍ തകര്‍ക്കുമെന്ന് നെതന്യാഹു

സ്വന്തം പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍.

ജെറുസലേം: ഹമാസ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ കടുത്ത സൈനിക നടപടി ആരംഭിച്ചിരുന്നു. ഗാസയില്‍ പരിശോധനകള്‍ നടന്നു വരികയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കുറച്ച് സമയം കൂടി വേണ്ടി വരുമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ഗാസയില്‍ ഹമാസ് സ്വാധീനം ശക്തമാക്കിയതിന് പിന്നാലെ നേരത്തെ ഇസ്രയേലും ഈജിപ്തും പ്രദേശത്ത് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉപരോധം ശക്തമാക്കാനാണ് ഇസ്രയേലിന്റെ നീക്കം. അതിനിടെ ഇസ്രയേലില്‍ നിന്ന് തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ആരംഭിച്ചു.

ഹമാസിന്റെ സ്വാധീന മേഖലകളില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പ്രദേശം മുഴുവന്‍ തകര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

എന്നാല്‍ ഹമാസ് പോരാട്ടം തുടരുകയാണെന്നും കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവിനെ ഉദ്ധരിച്ച് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ തടവിലാക്കിയ പാലസ്തീന്‍ തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു.

അതേസമയം ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍ ഒഐസി രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. പ്രാദേശിക സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്ന് ഇറാന്‍ വക്താവ് നാസര്‍ കനാനി പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നടപടി.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹമാസും ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും ഉള്‍പ്പെട്ട യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് പിന്നാലെ വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.