ഹമാസിനെ അനുകൂലിച്ച് സിഡ്‌നിയില്‍ പ്രകടനം; വേദനാജനകമെന്ന് ജൂത സമൂഹം, അപലപിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും

ഹമാസിനെ അനുകൂലിച്ച് സിഡ്‌നിയില്‍ പ്രകടനം; വേദനാജനകമെന്ന് ജൂത സമൂഹം, അപലപിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും

സിഡ്‌നി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തീവ്രവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച് സിഡ്‌നിയില്‍ പ്രകടനം. നൂറുകണക്കിന് പലസ്തീന്‍ അനുകൂലികളാണ് പടക്കം പൊട്ടിച്ചും പലസ്തീന്‍ പതാകകള്‍ വീശിയും മുദ്രവാക്യങ്ങള്‍ വിളിച്ചും സിഡ്നിയിലെ ഗ്രീനേക്കര്‍, ലാകെംബ എന്നിവിടങ്ങളില്‍ റാലികള്‍ നടത്തിയത്. അതേസമയം, ഹമാസിനെ പിന്തുണച്ചുള്ള റാലികള്‍ വേദനാജനകമാണെന്ന് ഓസ്‌ട്രേലിയയിലെ ജൂത സമൂഹം അഭിപ്രായപ്പെട്ടു.

ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ ഓസ്‌ട്രേലിയ ശക്തമായി അപലപിക്കുകയും നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകത്തില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്നു പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹമാസ് അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

'പലസ്തീനെ സ്വതന്ത്രമാക്കുക' തുടങ്ങി ഇസ്രയേലിനെതിരെയും പലസ്തീനിനെ പിന്തുണച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. ഓസ്‌ട്രേലിയയ്ക്കു പുറമേ അമേരിക്കന്‍ നഗരങ്ങളിലും ലണ്ടനിലും സമാനമായ റാലികള്‍ നടന്നിട്ടുണ്ട്.

'നമുക്കിടയില്‍ ചെകുത്താന്മാര്‍ ജീവിക്കുന്നു എന്നത് വിഷമകരമാണ്, മുസ്ലീം സമൂഹം ഈ നടപടികളെ അപലപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് - ഓസ്ട്രേലിയന്‍ ജൂത അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റോബര്‍ട്ട് ഗ്രിഗറി പറഞ്ഞു.

ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഒന്നുകില്‍ തിന്മയുടെ പക്ഷത്തോ നന്മയുടെ പക്ഷത്തോ നില്‍ക്കാം, പക്ഷേ, ഇസ്രായേലിലെ സംഭവവികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സിഡ്‌നിയില്‍ നടന്ന പ്രകടനങ്ങള്‍ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ശിരഛേദം ചെയ്യപ്പെടുമ്പോള്‍ സിഡ്‌നിയില്‍ ഇതിന് പിന്തുണ ലഭിക്കുന്നത് വളരെ ഭയാനകമാണ് ... ഈ ക്രൂരമായ പ്രവൃത്തികള്‍ നടന്നിട്ടുള്ളത് മധ്യകാലഘട്ടത്തിലല്ല, 21-ാം നൂറ്റാണ്ടിലാണ്' - അദ്ദേഹം പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സിലെ പ്രതിപക്ഷ നേതാവ് മാര്‍ക്ക് സ്പീക്ക്മാന്‍, ലകെംബയിലെ റാലിയെ അപലപിച്ചു. 'ജൂത സമൂഹത്തിന് സുരക്ഷിതത്വം ഉറപ്പാക്കണം. ആളുകള്‍ ക്രൂരത ആഘോഷിക്കുന്നത് കാണുന്നത് നിരാശാജനകമാണ്... സിവിലിയന്മാരെ ആക്രമിക്കുന്നതിന് ഒരിക്കലും ഒഴികഴിവില്ല' - അദ്ദേഹം പറഞ്ഞു

ഹമാസിന്റെ ആക്രമണങ്ങളെ ഓസ്ട്രേലിയ അസന്ദിഗ്ധമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നതും ബന്ദികളാക്കുന്നതും ഒരിക്കലും ആഘോഷത്തിന് കാരണമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും റാലിയെ അപലപിച്ചു

അതേസമയം, ഇസ്രായേലിനെ പിന്തുണച്ച് സിഡ്നി ഓപ്പറ ഹൗസ് ആ രാജ്യത്തിന്റെ പതാകയുടെ നിറങ്ങളായ നീല, വെള്ള ലൈറ്റുകളില്‍ പ്രകാശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.