വാഷിങ്ടണ്‍: ഇസ്രയേല്‍ - ഹമാസ് പോരാട്ടത്തില്‍ 11 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണമുണ്ടായ സമയം മുതല്‍ ഇസ്രയേലിന് അമേരിക്ക പിന്തുണ നല്‍കിയിരുന്നു. എത്ര യു.എസ് പൗരന്മാര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തില്‍ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവര്‍ത്തിച്ച് വേണ്ടത് ചെയ്യാന്‍ ബൈഡന്‍ നിര്‍ദേശം നല്‍കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇസ്രയേല്‍ വിടാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് വാണിജ്യ വിമാനങ്ങള്‍ പരിമിതമാണെങ്കിലും ഇപ്പോഴും ലഭ്യമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയാണ് തങ്ങള്‍ക്കു മുന്‍ഗണനയെന്ന് ബൈഡന്‍ വ്യക്തമാക്കി. അതിനാല്‍ ഇസ്രയേലിലുള്ള അമേരിക്കന്‍ പൗരന്മാര്‍ മുന്‍കരുതലുകള്‍ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാര്‍ഗനിര്‍ദേശം പാലിക്കുകയും ചെയ്യണമെന്ന് ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.
ഇസ്രയേലില്‍ നിന്ന് നിരവധി പേരെ ഹമാസ് തട്ടിക്കൊണ്ടുപോയതായാണ് വിവരം. എന്നാല്‍ എത്ര പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നുള്ളത് വ്യക്തമല്ല. അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തെതുടര്‍ന്ന് ബന്ദികളാക്കിയവര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇസ്രയേല്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയുമടക്കം തടയുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.