ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് പോരാട്ടം നാലാം ദിവസത്തിലേക്ക് കടന്നതോടെ മരണസംഖ്യ 1600 കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം ഇസ്രയേലിന്റെ ഭാഗത്തു നിന്ന് തൊള്ളായിരത്തിലധികം പേരും ഗാസയില്‍ എഴുനൂറിലധികം പാലസ്തീനികളുമാണ് കൊല ചെയ്യപ്പെട്ടത്. ഗാസയ്ക്ക് മേല്‍ ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ രാത്രിയും അരങ്ങേറിയത്.
ഗാസ മുനമ്പിന് പുറമെ ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലെബനന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രയേലി ഡെപ്യൂട്ടി കമാന്‍ഡര്‍ കൊല്ലപ്പെട്ടതായും ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സയീദ്-അല്‍ തവീല്‍, മുഹമ്മദ് സോഭ് എന്നിവരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതിനിടെ, ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു രംഗത്തെത്തി. ഹമാസിനെ ആക്രമിക്കാന്‍ തുടങ്ങിയിട്ടേയുള്ളുവെന്ന് അദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ ഹമാസിന് നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ അവരുടെ വരും തലമുറകളില്‍ വരെ പ്രതിഫലിക്കും. കഠിനവും പ്രസായകരവുമായ അനുഭവമായിരിക്കും ഹമാസിന് ഉണ്ടാകുകയെന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍ ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഇസ്രയേലി പൗരന്‍മാരടക്കം അമ്പതിലധികം പേര്‍ ഇപ്പോഴും ഹമാസിന്റെ ബന്ധികളായിട്ടുണ്ട്.
അതേസമയം സംഘര്‍ഷ മേഖലയിലെ മാനുഷിക സാഹചര്യങ്ങള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുനിസെഫ് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ജീവന്‍ രക്ഷാ സേവനങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള സുരക്ഷിത പാതകള്‍ ഒരുക്കേണ്ടത് ആവശ്യമാണെന്നും യുനിസെഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.