ആഗോളതാപനം: കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി; ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങളില്‍ ഹൃദയാഘാത സാധ്യത

ആഗോളതാപനം: കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി; ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങളില്‍ ഹൃദയാഘാത സാധ്യത

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തില്‍ മുന്നറിയിപ്പുമായി പുതിയ പഠനം. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള മേഖലകളെ ആഗോള താപനത്തിലേക്ക് നയിച്ചേക്കാമെന്നും ഈ പ്രദേശങ്ങളിലെ ജനങ്ങളില്‍ ഹൃദയാഘാതത്തിനും ഹീറ്റ് സ്ട്രോക്കിനും കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാമെന്നുമാണ് പഠനം പറയുന്നത്.

പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിന്റെ ഊഷ്മാവില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ചൂടുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ചൂടിന്റേയും ഈര്‍പ്പത്തിന്റേയും ചില പ്രത്യേക അവസ്ഥാന്തരങ്ങള്‍ മാത്രമാണ് മനുഷ്യ ശരീരത്തിന് താങ്ങാന്‍ സാധിക്കുന്നത്. ആഗോള താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവ് ഉണ്ടായാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് പാകിസ്ഥാനിലേയും ഇന്ത്യയുടെ ചില ഭാഗങ്ങളിലേതും ഉള്‍പ്പെടെ 220 കോടി ജനങ്ങളെ ആയിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

കിഴക്കന്‍ ചൈനയേയും ആഫ്രിക്കയേയും ചൂട് ഗുരുതരമായി ബാധിക്കും. ഡല്‍ഹി, കൊല്‍ക്കത്ത, ഷാങ്ഹായ്, മുള്‍ട്ടാന്‍, നാന്‍ജിംഗ്, വുഹാന്‍ തുടങ്ങിയ ജന സാന്ദ്രതയേറിയ നഗരങ്ങളെല്ലാം ഉഷ്ണ തരംഗത്തിന്റെ പിടിയിലാകും. മൂന്ന് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് ഉണ്ടാകുന്നതെങ്കില്‍ ഫ്ളോറിഡ മുതല്‍ ന്യൂയോര്‍ക്ക് വരെയും, ഹൂസ്റ്റണ്‍ മുതല്‍ ചിക്കാഗോ വരെയും രൂക്ഷമായി ബാധിക്കും. തെക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും അത്യുഷ്ണമാകും അനുഭവപ്പെടുന്നത്.

ജനസാന്ദ്രത കൂടിയ ഇടങ്ങളിലാകും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയെന്ന് പഠനത്തിന്റെ ഭാഗമായ പര്‍ഡ്യൂ സര്‍വകലാശാലയിലെ എര്‍ത്ത് അറ്റ്മോസ്ഫെറിക് ആന്‍ഡ് പ്ലാനറ്ററി സയന്‍സസ് പ്രൊഫസര്‍ മാത്യു ഹ്യൂബര്‍ വ്യക്തമാക്കുന്നു. അനേകം ആളുകള്‍ മരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉള്‍പ്പെടെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുക എന്നത് മാത്രമാണ് ഇതിന്റെ ആഘാതം കുറയ്ക്കാനുള്ള മാര്‍ഗമെന്നും മാത്യു ഹ്യൂബര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.